kerala

നടിയെ ആക്രമിച്ച കേസ്: കോടതിവിധിയെ മാനിക്കുന്നുവെന്ന് ആസിഫ് അലി; അതിജീവിതയ്ക്ക് നീതി ലഭിക്കണം

By webdesk18

December 09, 2025

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ നടന്‍ ആസിഫ് അലി പ്രതികരിച്ചു. കോടതി വിധിയെ പൂര്‍ണമായും മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നതാണു തന്റേതായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഏത് സമയത്തും അതിജീവിതയ്‌ക്കൊപ്പമാണ്’അതിജീവിത തന്റെ സഹപ്രവര്‍ത്തകയും ഏറെ അടുത്ത സുഹൃത്തുമാണെന്നും, അവര്‍ അനുഭവിച്ച വേദനയ്ക്ക് എന്ത് പകരം കൊടുത്താലും മതിയാവില്ലെന്നും ആസിഫ് പറഞ്ഞു. ‘വിധി എന്താണെങ്കിലും സ്വീകരിക്കണം. അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. ഞാന്‍ എപ്പോഴും അതിജീവിതക്കൊപ്പമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസിലെ ശിക്ഷയെയും വിധിയെയും കുറിച്ച് അഭിപ്രായപ്പെടുന്നത് ഉചിതമല്ലെന്നും, മുന്‍പ് അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതായി ആസിഫ് വ്യക്തമാക്കി. ആരോപിതനെ പുറത്താക്കിയിട്ടുണ്ടെങ്കില്‍, അതിനനുസരിച്ചുള്ള നടപടികള്‍ സംഘടന കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെതിരായ ഗൂഢാലോചനക്കും തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ക്കും തെളിവില്ലെന്ന് കണ്ടെത്തി. ഒന്ന് മുതല്‍ ആറുവരെ പ്രതികള്‍ എന്‍. എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇവര്‍ക്കെതിരായ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായതായി കോടതി വ്യക്തമാക്കി.