കൊച്ചി: എറണാകുളത്ത് നടിയെ അക്രമിച്ച സംഭവത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് പ്രതികള്‍ക്ക് പിന്നാലെത്തന്നെയുണ്ട്, സ്ത്രീകള്‍ക്ക് നേരെയുള്ള ഒരാക്രമണവും വെച്ചുപൊറുപ്പിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പിണറായി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.

അതേസമയം പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ നാലു പേരെ തിരിച്ചറിഞ്ഞു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് നടിയുടെ കാറില്‍ അതിക്രമിച്ചു കയറി അപകീര്‍ത്തികരമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്തിയ സംഭവം അരങ്ങേറിയത്.