തിരുവനന്തപുരം: സംസ്ഥാനത്ത് കുഴല്‍കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി കുറയുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് മാസം വരെയാണ് വിലക്ക്. മെയ് അവസാനംവരെ സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍ പാടില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനൊപ്പം സംസ്ഥാനത്തെ പാറക്കുളങ്ങളിലെ വെള്ളം ഉപയോഗ യോഗ്യമാണോ എന്ന് പരിശോധിച്ച് ഏറ്റെടുക്കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സ്രോതസ്സുകളില്‍നിന്ന് മറ്റുള്ളവര്‍ ജലചൂഷണം നടത്തുന്നത് തടയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭൂഗര്‍ഭജലവിതാനം അപകടകരമായി കുറയുന്നുവെന്നാണ് ഭൂഗര്‍ഭജലവകുപ്പിന്റെ കണ്ടെത്തല്‍. പ്രതിവര്‍ഷം ശരാശരി മൂന്നുമീറ്ററോളം ജലനിരപ്പ് താഴുന്നുണ്ട്. മഴക്കുറവിന് പുറമെ അനിയന്ത്രിതമായ ചൂടും കൂടിയായതോടെ സ്ഥിതി വഷളായെന്നാണ് ഭൂജലവകുപ്പ് റവന്യൂ വകുപ്പിന് നല്‍കിയ മുന്നറിയിപ്പ്.

കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. കിയോസ്‌കുകള്‍ പ്രായോഗികമല്ലെന്ന് തോന്നുന്ന ഇടങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കും. ഇതിനുള്ള തീരുമാനം കലക്ടര്‍മാര്‍ക്ക് എടുക്കാം. ജിപിഎസ് ഘടിപ്പിച്ച ലോറികളില്‍ മാത്രമെ വെള്ളം കൊണ്ടുപോകാവൂ എന്നും നിര്‍ദേശമുണ്ട്.