ന്യൂഡല്‍ഹി: എറണാകുളത്ത് സിനിമാ നടിക്ക് നേരെ നടന്ന ഉപദ്രവം ഒറ്റപ്പെട്ട സംഭവമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ മികച്ച ക്രമസമാധാന നിലയാണ് നിലവില്‍ കേരളത്തിലുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോടിയേരി പരിഹസിച്ചു. ഉമ്മന്‍ ചാണ്ടിയേക്കാള്‍ കേമാനാകാന്‍ ചെന്നിത്തല ശ്രമിക്കുന്നതിന്റെ ഭാഗമാണ് സര്‍ക്കാറിനെ പഴിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സദാചാര ഗുണ്ടായിസത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും ചെന്നിത്തല ഉപവാസം നടത്തിയിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് കോടിയേരിയുടെ പരിഹാസം.