മലയാള സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി നിത്യ മേനോന്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാള സിനിമയില്‍ താരം അഭിനയിച്ചിട്ടില്ല. ‘ടൈംസ് ഓഫ് ഇന്ത്യക്ക്’ നല്‍കിയ അഭിമുഖത്തിലാണ് നിത്യ മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

താന്‍പലപ്പോഴും അഹങ്കാരിയായി ചിത്രീകരിക്കപ്പെട്ടുവെന്നും അതു കൊണ്ട് തനിക്കൊപ്പം അഭിനയിക്കാന്‍ മറ്റു താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും നിത്യമേനോന്‍ പറഞ്ഞു. ‘തിരക്കൊന്നുമില്ലാത്ത സമയമാണിത്. ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യാനാവുന്നിടത്ത് അവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുന്നുണ്ട്. എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുകയെന്നതിലല്ലേ കാര്യം? എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യം’ -നിത്യ പറയുന്നു.

ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രമായി ശ്രദ്ധിക്കണമെന്ന് തോന്നിയിട്ടില്ല. ആളുകള്‍ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്. സത്യസന്ധമായി സംസാരിക്കാത്തവരാണെന്നാണ്. പക്ഷേ മനസ്സില്‍ തോന്നുന്നത് തുറന്നുപറയാന്‍ തുടങ്ങിയാലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടിവരും. നമ്മള്‍ പറയുന്നത് പലപ്പോഴും വളച്ചൊടിക്കപ്പെടുമെന്നും നിത്യ മേനോന്‍ പറയുന്നു. തന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങളും ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.