ബാംഗളൂരു: കര്‍ണ്ണാടകത്തില്‍ മത്സരിക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് എംപി എം.എച്ച്.അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത.
കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തിലാണ് താന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സുമലത പ്രഖ്യാപിച്ചത്. ഏറെ നാള്‍നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്ക് എതിരെയാകും മണ്ഡ്യയില്‍ സുമലതയുടെ മത്സരം.

മാണ്ഡ്യയില്‍ ഭര്‍ത്താവ് അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സുമതല പറഞ്ഞു. തന്റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ബിജെപി നേതാവ് എസ് എം കൃഷ്ണയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ സുമലത ബിജെപിക്കൊപ്പം ചേരുകയാണെന്ന അഭ്യൂഹങ്ങള്‍ക്കും ഉണ്ടായി. അതേസമയം,മാണ്ഡ്യയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും സുമലതയെ പിന്തുണക്കാനാണ് പാര്‍ട്ടി ദേശീയനേതൃത്വത്തിന്റെ തീരുമാനമെന്നും സൂചനയുണ്ട്. പിന്തുണ നല്‍കുന്ന കാര്യത്തില്‍ ബിജെപിയുടെ തീരുമാനം കാക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.