ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്. പിതൃസഹോദര പുത്രനായ അദീബിന്റെ അയോഗ്യതയാണ് ജലീലീന്റെ വാദങ്ങളെ പൊളിക്കുന്നത്. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് പിജിഡിബിഎ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടിയെന്നതായിരുന്നു കെടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കാനുള്ള യോഗ്യതയായി മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലും മുന്നണിയിലും പറഞ്ഞത്. എന്നാല്‍ അണ്ണാമല സര്‍വ്വകലാശാലയുടെ പിജിഡിബിഎ കോഴ്‌സിന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ അംഗീകരാമുണ്ടെന്ന കോര്‍പ്പറേഷന്റെ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അണ്ണാമല യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത കോഴ്‌സുകളുടെ കൂട്ടത്തില്‍ പിജിഡിബിഎ കോഴ്‌സ് ഇല്ല. ഇതിനിടെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പരിപാടിക്കെത്തിയ കെടി ജലീലിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി. മലപ്പുറം ജില്ലയിലടക്കം മന്ത്രിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.