ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നിയമിതനായ യോഗി ആദിത്യനാഥിനെ തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിശേഷിപ്പിച്ച് വിദേശ മാധ്യമങ്ങളും. ‘ദ ഗാര്‍ഡിയന്‍, ന്യുയോര്‍ക്ക് ടൈംസ്’ എന്നീ പ്രമുഖ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്‌ലിംകളുടെ യാത്ര നിരോധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ആദിത്യനാഥ് പ്രകീര്‍ത്തിച്ചിരുന്ന കാര്യവും വിദേശ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലും അതുപോലെ വിലക്കുകള്‍ കൊണ്ടുവരണമെന്ന യോഗി ആദിത്യനാഥിന്റെ നിലപാട് എടുത്ത് പറഞ്ഞായിരുന്നു മാധ്യമങ്ങളുടെ വിമര്‍ശനം.
അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി അവരോധിതനായതെന്നും ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നരേന്ദ്രമോദി നടപ്പാക്കുന്ന വര്‍ഗീയ ധ്രുവീകരണം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തും ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് ഈ നടപടിയിലൂടെയെന്നാണ് വിദേശമാധ്യമങ്ങളുടെ പ്രധാന വിലയിരുത്തല്‍. ഗാര്‍ഡിയനില്‍ എഡിറ്റോറിയല്‍ പേജിലാണ് ആദിത്യനാഥ് വിരുദ്ധ ലേഖനം തയാറാക്കിയിരിക്കുന്നത്. ആദിത്യനാഥ് മുസ്‌ലിം വിരുദ്ധ തീവ്രവാദിയാണെന്നും ഇപ്പോള്‍ ഏറെ ശക്തനായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂയോര്‍ക്ക് ടൈംസും ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനം തയാറാക്കിയിട്ടുണ്ട്. തിപ്പൊരി ഹിന്ദു ആത്മീയ നേതാവിനെയാണ് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ചിരിക്കുന്നതെന്നും ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിക്കുന്നു.
തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ മുമ്പ് വന്‍ വിവാദമായിരുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം യുവാവ് വിവാഹം ചെയ്താല്‍ നൂറു മുസ്‌ലീം പെണ്‍കുട്ടികളെ തങ്ങള്‍ വിവാഹം കഴിക്കുമെന്നും ഒരു ഹിന്ദുവിനെ അവര്‍ (മുസ്‌ലിംകള്‍) വധിച്ചാല്‍ 100 മുസ്‌ലിംകളെ വധിക്കണമെന്നും പ്രസംഗിച്ചിരുന്നു.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം ഹിന്ദുത്വത്തത്തിന്റെ നൂറ്റാണ്ടാണ് വരുന്നതെന്നും യോഗി പ്രസംഗിച്ചിരുന്നു.