ലോകം കോവിഡിന്റെ പിടിയിലായിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിലെ പ്രധാന മാര്‍ഗമായി കണക്കാക്കുന്നവയില്‍ ഒന്നാണ് ഫേസ് മാസ്‌ക. വിമാനയാത്രകളിലും ഫേസ് മാസ്‌ക് ഇപ്പോള്‍ നിര്‍ബന്ധമാണ്. മാത്രമല്ല ചില വിമാന കമ്പനികള്‍ സുരക്ഷാ ഉറപ്പാക്കാന്‍ പിപിഇ കിറ്റ് തന്നെ ധരിക്കാന്‍ യാത്രക്കാരോട് നിഷ്‌കര്‍ഷിക്കുന്നുണ്ട്. പോരാത്തതിന് വിമാനത്തിലെ ഇരിപ്പും സാമൂഹിക അകലം പാലിച്ച്. ഇത്രയൊക്കെ മുന്‍കരുതലുകള്‍ യാത്രക്കാര്‍ സ്വീകരിക്കുമ്പോള്‍ വിമാനത്തിനും വേണ്ടേ ചില മുന്‍കരുതലുകള്‍.

ഇന്തോനേഷ്യന്‍ വിമാന സര്‍വീസ് ആയ ഗരുഡ സ്വാഭാവികമായുള്ള അണുനശീകരണം കൂടാതെ മറ്റൊരു കാര്യം കൂടെ തങ്ങളുടെ വിമാനങ്ങള്‍ക്ക് ചെയ്തു. ഒരു ഫേസ് മാസ്‌ക്. വിമാനത്തിനും ഫേസ് മാസ്‌കോ? യഥാര്‍ത്ഥത്തിലുള്ള ഫേസ് മസ്‌കല്ല. പകരം വിമാനത്തിന്റെ മുന്‍ഭാഗത്ത് ഫേസ് മാസ്‌കിന്റെ ചിത്രം വരച്ചു ചേര്‍ത്തു ഗരുഡ ഇന്തോനേഷ്യ.

തങ്ങളുടെ അഞ്ചോളം വിമാനങ്ങള്‍ക്കാണ് ഗരുഡ ഇന്തോനേഷ്യ ഫേസ്മാസ്‌ക് പെയിന്റ് ചെയ്തത്. ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ‘ആയോ പകായ് മാസ്‌കര്‍’ (നമുക്ക് മാസ്‌ക് ധരിക്കാം) എന്ന കാമ്പയിനിന്റെ ഭാഗമായാണ് മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യകതെയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഇത്തരമൊരു രീതി ഗരുഡ ഇന്തോനേഷ്യ അവലംബിച്ചത് എന്ന് ജക്കാര്‍ത്ത പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

60ഓളം ജീവനക്കാര്‍ 120 മണിക്കൂറിലധികം പ്രയത്‌നിച്ചാണ് 5 വിമാനങ്ങളിലും ഫേസ്മാസ്‌ക് വരച്ചത്. എന്തുകൊണ്ട് ഇത്തരമൊരു ആശയം എന്നതിനും ഗരുഡ ഇന്തോനേഷ്യയ്ക്ക് വ്യക്തതയുണ്ട്. ‘വിമാനത്തേക്കാള്‍ എളുപ്പമാണ് മനുഷ്യര്‍ക്ക് മാസ്‌ക് ധരിക്കാന്‍, ചിലവും കുറവാണ്’ എന്നതാണ് ഈ കാമ്പയിനിന്റെ ലോജിക്. ഇതിനോടകം തന്നെ വിമാനങ്ങള്‍ ഫേസ് മാസ്‌ക്് ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.