വാഷിംഗ്ടണ്‍: നടുറോഡില്‍ വിമാനം ലാന്‍ഡ് ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നായ സ്‌റ്റേറ്റ് ഹൈവേയിലാണ് സംഭവം. വാഹനങ്ങളുടെ മുകളിലൂടെ ചീറിപാഞ്ഞ് വന്ന വിമാനം നേരെ റോഡിന്റെ നടുക്ക് ലാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. എന്‍ജിന്‍ പ്രൊപ്പല്ലര്‍(വിമാനത്തിന് മുന്നിലെ കറങ്ങുന്ന പങ്ക) ഉപയോഗിക്കുന്ന ചെറു വിമാനമാണ് ഹൈവേയില്‍ ഇറങ്ങിയത്.

റോഡിലേക്ക് പറന്നിറങ്ങുന്ന വിമാനത്തെ കണ്ട് ഏതാനും പേര്‍ വാഹനങ്ങള്‍ വെട്ടിച്ച് മാറ്റി. മറ്റ് ചിലരാണെങ്കില്‍ വേഗത്തില്‍ ഓടിച്ച് പോകുകയാണ് ചെയ്തത്. ഏതായാലും ഒരു സാധാരണ വാഹനം പോലെ റോഡിലെ ചുവപ്പ് ലൈറ്റില്‍ വിമാനം വന്നു നിന്നതോടെ എല്ലാവര്‍ക്കും ശ്വാസം നേരെ വീണു.

സ്ഥലത്ത് പൊലീസെത്തി വിമാനത്തില്‍ നിന്നും പൈലറ്റിനെ ഇറക്കുന്നതും വിമാനം ഹൈവേയില്‍ നിന്നും വലിച്ച് മാറ്റി നീക്കുന്നതും വീഡിയോയില്‍ കാണാം. ഡേവിഡ് എക്ലാം എന്നയാളാണ് വിമാനം പറത്തിയിരുന്നത്. വിമാനത്തിലെ യന്ത്രത്തകരാറ് മൂലമാണ് ഡേവിഡിന് അടിയന്തിരമായി വിമാനം നടുറോഡില്‍ ഇറക്കേണ്ടി വന്നത്.