ബംഗളൂരു: എ.എഫ്.സി കപ്പില്‍ ചരിത്രം കുറിച്ച് ബംഗളൂരു എഫ്.സി. രണ്ടാം പാദ സെമിയില്‍ മലേഷ്യന്‍ ക്ലബ്ബായ ജോഹര്‍ ദാറുല്‍ താസിമിനെ(3-1ന്) തോല്‍പിച്ചതോടെ എ.എഫ്.സി കപ്പിലെ ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് ബംഗളൂരു എ.എഫ്.സി സ്വന്തമാക്കി. ഒരു ഗോള്‍ വഴങ്ങിയതിന് ശേഷമായിരുന്നു ബംഗളൂരുവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. രണ്ടു പാദങ്ങളിലുമായി 4-2ന്റെ മാര്‍ജിനിലാണ് ബംഗളൂരുവിന്റെ ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ 1-1 സമനിലയിലാണ് പിരിഞ്ഞിരുന്നത്.

ബംഗളൂരുവിനായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇരട്ട ഗോളുകള്‍ നേടി (40, 67 മിനുറ്റുകളില്‍). 76ാം മിനുറ്റില്‍ ജുവനാന്‍ ആണ് മൂന്നാം ഗോള്‍ നേടിയത്. മത്സരത്തില്‍ ആദ്യം ഗോളടിച്ചത് മലേഷ്യയായിരുന്നു. പതിനൊന്നാം മിനുറ്റില്‍ ക്യാപ്റ്റന്‍ ഷഫീഫ് റാഹിമാണ് മലേഷ്യക്കായി വല കുലുക്കിയത്. ആദ്യ ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന് കണിച്ച ബംഗളൂരു ഛേത്രിയിലൂടെ സമനില പിടിച്ചു. കോര്‍ണര്‍ കിക്കിന് കൃത്യമായി തലവെച്ച ഛേത്രി പന്ത് വലയിലാക്കുകയായിരുന്നു. രണ്ടാം ഗോളും ഛേത്രിയുടെ ബൂട്ടില്‍ നിന്നായിരുന്നു. ജുവനാന്റെ ഗോളോടെ ബംഗളൂരു ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.