ന്യൂഡല്‍ഹി: ഇന്ത്യയുടെ 48-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ(ഐ.എഫ്.എഫ്.ഐ) കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ പ്രതിഷേധിച്ച് ജൂറി തലവന്‍ സുജോയ് ഘോഷ് രാജിവെച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒഴിവാക്കിയതിനു പിന്നാലെയാണ് രാജി.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും കൂടുതലൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ കൂടിയായ സുജോയ് ഘോഷ് വ്യക്തമാക്കി. ഹിന്ദുത്വവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മലയാളിയായ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ, രവി ജാദവിന്റെ മറാത്തി സിനിമ ന്യൂഡ് എന്നീ ചിത്രങ്ങള്‍ ജൂറിയുടെ അനുമതിയില്ലാതെ മന്ത്രാലയം പിന്‍വലിച്ചിരുന്നു.

ഈമാസം ഒമ്പതിനായിരുന്നു ഇന്ത്യന്‍ പനോരമയിലേക്കുള്ള ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ചിത്രങ്ങളുടെ പട്ടിക വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ചത്. സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേക്കുള്ള 24 ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. സെക്‌സി ദുര്‍ഗയും ന്യൂഡും ഒഴിവാക്കിയതില്‍ ചില ജൂറി അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

എന്നാല്‍ ഇവരെ അവഹേളിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും സ്വീകരിച്ചത്. ഇന്ത്യയിലെ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥ ഏറ്റവും നന്നായി പ്രതിപാദിക്കുന്ന സിനിമകളായിരുന്നു ന്യൂഡും സെക്‌സി ദുര്‍ഗയുമെന്ന് ജൂറി അംഗം അപുര്‍വ അസ്രാനി അഭിപ്രായപ്പെട്ടിരുന്നു.

ഒട്ടേറെ രാജ്യാന്തര ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയ ചിത്രമാണ് എസ് ദുര്‍ഗ. ആദ്യം നല്‍കിയ ‘സെക്‌സി ദുര്‍ഗ’ എന്ന പേരിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയതോടെ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് എസ്. ദുര്‍ഗ എന്നാക്കുകയായിരുന്നു.

രാത്രിയില്‍ ഒറ്റപ്പെട്ടുപോകുന്ന യുവതീയുവാക്കളുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മന്ത്രാലയത്തിന്റെ നിലപാടിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒരു ആര്‍ട് സ്‌കൂളിലെ ന്യൂഡ് മോഡലായ യുവതിയുടെ കഥയാണ് ന്യൂഡിന്റെ ഇതിവൃത്തം. ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രവും ഇതായിരുന്നു. എന്നാല്‍ കേന്ദ്രം ഉടക്കിയതോടെ വിനോദ് കാപ്രി സംവിധാനം ചെയ്ത ഹിന്ദി ചിത്രം പിഹു വായിരിക്കും ഉദ്ഘാടന ചിത്രം. ഈമാസം 20 മുതല്‍ 28 വരെയാണ് ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേള.