Video Stories

രാഹുലിന്റെ ഈ വരവ് ചിലത് മുന്നില്‍ കണ്ടാണ്; ആവേശം 77ന്റെ ആവര്‍ത്തനമോ?

By chandrika

March 31, 2019

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കാനായി വയനാട് വരുമ്പോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുകയാണ്. 1977 ആവര്‍ത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് കെപിസിസി നേതൃത്വം രാഹുല്‍ ഗാന്ധിയെ വയനാട്ടിലേയ്ക്ക് ക്ഷണിച്ചത് . 77ല്‍ 20ല്‍ ഇരുപത് സീറ്റും നേടിയ നേട്ടം ഇത്തവണ രാഹുല്‍ ഗാന്ധിയിലൂടെ നേടിയെടുക്കാനാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം.

അതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ കേരളത്തിലാകെ അലയടിക്കുന്നത്. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വ വാര്‍ത്ത വന്നതുമുതല്‍ യു.ഡിഎഫ് ക്യാമ്പില്‍ ആവേശം അലതല്ലുകയാണ്്. പ്രവര്‍ത്തകരുടെ ആത്മവീര്യം പതിമടങ്ങി വര്‍ദ്ധിച്ചതും ആവേശ പ്രകടങ്ങളും അതിന്റെ തെളിവുകളാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കിട്ടിയ കേരളത്തിലെ ആവേശം സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പ്രതിഫലിക്കും.

പ്രധാനമന്ത്രി കേരളത്തില്‍ നിന്നുണ്ടാകുമെന്ന വസ്തുത ഭൂരിപക്ഷം കൂട്ടും. മതേതര വോട്ടുകളും ദളിത് ന്യൂനപക്ഷ മുസ്ലിം വോട്ടുകളും കൂട്ടത്തോടെ യു.ഡി.എഫിലേക്ക് വന്നുചേരും. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സ്ഥിരീകരിച്ചതു മുതല്‍ ആവേശത്തിലാണ്ട ജനങ്ങള്‍, തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോളുള്ള നേതാവിന്റെ സന്ദശനം ദക്ഷിണേന്ത്യയാകെ ആഞ്ഞേടിക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് കേരളത്തില്‍ മത്സരിക്കാനെത്തുന്നത് ഇതാദ്യമാണ്. എങ്കിലും രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇടതുപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടേണ്ടിവരും എന്ന പ്രത്യേകതയുണ്ട്.

ദക്ഷിണേന്ത്യയില്‍ മോദിയുടെ ജനവിരുദ്ധത പൂര്‍ണ്ണാര്‍ത്ഥത്തില്‍ അറിയിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് കോണ്‍ഗ്രസ് രാഹുലിനെ വയാനാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടില്ലായ്മയ്ക്കും ഇരട്ടത്താപ്പിനും ഏറ്റ പ്രഹരമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. രാഹുല്‍ എത്തിയാല്‍ ചാഞ്ചാടി നില്‍ക്കുന്ന മണ്ഡലങ്ങളെ കൈപ്പടിയിലൊതുക്കാനാകും.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗള്‍ഫ് പ്രവാസികള്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു ദേശിയ പ്രാധാന്യമുള്ള ഇലക്ഷനായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. രാഹുല്‍ എത്തുന്നതോടെ മലബാറിലെ എല്ലാ സീറ്റിലും വന്‍ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വയനാട് മത്സരിക്കുമ്പോള്‍ തിരുവനന്തപുരവും പത്തനംതിട്ടയും അടക്കം ത്രികോണ മത്സരച്ചൂടുള്ള മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കും. രാഹുല്‍ വന്നാല്‍ ജയം ഉറപ്പായെന്ന വിശ്വാസമാണ് എല്ലാവര്‍ക്കും.

പഴശ്ശിരാജയുടെ വീര്യവും, ടിപ്പു സുല്‍ത്താന്റെ മൈസൂര്‍ രാജ്യവും, ദ്രാവിഡ തമിഴ്‌നാടും ഒത്തുച്ചേരുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ രാഹുലിന്റെ സാന്നിധ്യം വാസ്തവത്തില്‍ ദക്ഷിണേന്ത്യ മുഴുവന്‍ ആവേശം പരക്കാന്‍ കാരണമാവുന്നതാണ്. രാഹുല്‍ വയനാടില്‍ സ്ഥാനാര്‍ഥിയായതോടെ ഒരര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യയുടെ പ്രധാനമന്ത്രിയായി രാഹുല്‍ ഉദിച്ചു കഴിഞ്ഞു എന്നുവേണം വിലയിരുത്താന്‍. കേരളം തമിഴ്‌നാട് കര്‍ണാടക ആന്ധ്രപ്രദേശ് തെലുങ്കാന ഗോവ വരെ നീണ്ടുകിടക്കുന്ന മേഖലയില്‍ മോദി വിരുദ്ധ വികാരം ഉയര്‍ത്താന്‍ ഇതിലൂടെ അതു മതേതര ചേരിയുടെ വോട്ടാക്കി മാറ്റാനും രാഹുലിന് സാധിക്കും. വയനാടില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുകകൂടിയാവുമ്പോള്‍ മതേതര സഖ്യത്തിലെ പ്രമുഖ നേതാവായ രാഹുല്‍ ഉയരുകയും ചെയ്യും.

രാജ്യത്തെ തന്നെ ദളിത് ന്യൂനപക്ഷ സമുദായം തിങ്ങിപാര്‍ക്കുന്ന ഇടമാണ് വയനാട്. തമിഴ്‌നാടിന്റെ നീലഗിരിയുമായും കര്‍ണാടകയുടെ മൈസൂര്‍ ദേശവുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്. മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട്, തിരുവമ്പാടി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം