ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ അടുത്ത സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ കൊവിഡ് ഗുരുതരമായ വ്യാപിക്കുന്ന സാഹചര്യത്തില്‍ തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് അപകടകരമായ രീതിയില്‍ വീണ്ടും ഭീഷണി ഉയര്‍ത്താന്‍ ഇടയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

വിശ്വാസം തെളിയിക്കാന്‍ വന്‍തോതില്‍ ആളുകള്‍ കൂട്ടംചേര്‍ന്നും ആഡംബരമായും ഉത്സവങ്ങള്‍ ആഘോഷിക്കണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെടുന്നില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഓര്‍മ്മിപ്പിച്ചു. ആളുകളുടെ ജീവന്‍ പണയം വെച്ച് ഒരു ഉത്സവവും ആഘോഷിക്കണമെന്ന് ഒരു മതത്തിലും പറയുന്നില്ല, ദൈവത്തെ ആരാധിക്കാന്‍ പൂജാ പന്തല്‍ കെട്ടണമെന്നും പറയുന്നില്ല എന്നതാണ് സത്യമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. പ്രതിവാര പരിപാടിയായ സണ്‍ഡേ സംവാദിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ ഓണാഘോഷത്തിന് ശേഷം രോഗവ്യാപനം രൂക്ഷമായത് ചൂണ്ടിക്കാട്ടി എസ്.ബി.ഐ റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മുന്നറിയിപ്പ് നല്‍കിയത്.
ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും അവ പാലിക്കുന്നതില്‍ വീഴ്ചസംഭവിക്കുന്നത് കോവിഡ് 19 കേസുകളില്‍ വലിയ വര്‍ധനയുണ്ടാക്കുമെന്ന് ആശങ്കയുയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. വലിയ ആള്‍ക്കൂട്ടത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ കുടുംബത്തോടൊപ്പം ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു.