ബെത്‌ലഹേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ രണ്ട് ഇസ്രാഈല്‍ പട്ടാളക്കാരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയ ഫലസ്തീന്‍ പ്രവര്‍ത്തക ആഹിദ് തമീമിയെന്ന പതിനാറുകാരിക്കെതിരെ ഇസ്രാഈല്‍ അധികാരികള്‍ 12 കുറ്റങ്ങള്‍ ചുമത്തി. നബീ സ്വാലിഹ് ഗ്രാമത്തിലെ വീടിനു പുറത്ത് തമീമി ഇസ്രാഈല്‍ പട്ടാളക്കാരുമായി ഏറ്റുമുട്ടുന്ന ദൃശ്യം വൈറലായിരുന്നു. പതിനഞ്ചു വയസുള്ള സഹോദരനെ ഇസ്രാഈല്‍ സൈനികര്‍ വെടിവെച്ചു വീഴ്ത്തിയതിനെ തുടര്‍ന്നാണ് തമീമി സൈനികരുമായി ഏറ്റുമുട്ടിയത്.

യുവതിയുടെ ഇരുപത് വയസുള്ള സഹോദരി നൂറിനെയും മാതാവ് നരിമാനെയും വീഡിയോയില്‍ കാണാം. സൈനികനെ ആക്രമിച്ചു, സൈനികനെ കൃത്യനിര്‍വഹണത്തില്‍നിന്ന് തടഞ്ഞു തുടങ്ങി 12 കുറ്റങ്ങളാണ് തമീമിക്കെതിരെ ചുമത്തിയിരിക്കുന്നത്. മുമ്പ് നടന്ന രണ്ട് കല്ലേറ് സംഭവങ്ങളിലും ഇവരെ പ്രതിചേര്‍ത്തിട്ടുണ്ട്. സൈനികനെ ആക്രമിച്ചുവെന്നാണ് നൂറിനെതിരെയുള്ള ആരോപണം. നബീ സ്വാലിഹിലെ ഫലസ്തീന്‍ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തമാണ് തമീമി കുടുംബം. ആദ്യമായാണ് തമീമിയെ ഇസ്രാഈല്‍ സേന അറസ്റ്റ് ചെയ്യുന്നത്. മുമ്പ് മാതാവ് നരിമാനെ ഇസ്രാഈല്‍ പട്ടാളക്കാര്‍ അഞ്ചു തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച ഓഫര്‍ തടങ്കല്‍ പാളയത്തിന് പുറത്ത് ബന്ധുക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച മനാല്‍ തമീമിയെന്ന യുവതിയെയും കസ്റ്റഡിയിലെടുത്തിയിരുന്നു. ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്താത്തതിനാല്‍ നൂറിനെയും മാലിനെയും അതിവേഗം മോചിപ്പിക്കാന്‍ സാധിക്കുമെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ ഗാബി ലാസ്‌കി പറഞ്ഞു. ഇസ്രാഈല്‍ കോടതി മകള്‍ക്ക് തടവ് ശിക്ഷ വിധിച്ചേക്കുമെന്ന് തമീമിയുടെ പിതാവ് ബാസിം ആശങ്കപ്രകടിപ്പിച്ചു. പരമാവധി കാലം തടവില്‍ പാര്‍പ്പിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാസിമിനെയും ഇസ്രാഈല്‍ സേന നിരവധി തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.