india

ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരതലത്തില്‍; AQI 400 കടന്ന്

By webdesk18

November 20, 2025

ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും കുത്തനെ താഴ്ന്ന് ഗുരുതര വിഭാഗത്തിന് സമീപമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നഗരത്തിലെ ശരാശരി AQI 400 കടന്നിരിക്കുകയാണ്. നിലവിലെ കാലാവസ്ഥാപരമായ സാഹചര്യങ്ങളും മലിനീകരണത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.

ഡല്‍ഹിയിലെ ഏറ്റവും മോശം വായു ഗുണനിലവാരം രേഖപ്പെടുത്തിയത് വാസിര്‍പൂരില്‍ – AQI 477. ടൗണ്‍മൊത്തമുള്ള 39 നിരീക്ഷണ കേന്ദ്രങ്ങളില്‍ ഏറ്റവും കുറഞ്ഞത് ലോധി റോഡ് പ്രദേശത്താണ്.

നിലവില്‍ ആനന്ദ് വിഹാര്‍ (427), ആര്‍.കെ.പുരം (424), പഞ്ചാബി ബാഗ് (441), മുണ്ട്ക (441), ജഹാംഗീര്‍പുരി (453), ബുരാരി ക്രോസിംഗ് (410), ബവാന (443) എന്നിവ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ AQI ‘ഗുരുതര’ നിലയിലാണ്. ഡല്‍ഹിയിലെ വായു ഗുണനിലവാരം തീവ്ര വിഭാഗത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രധാനകാരണം വാഹനപുകയും വൈക്കോല്‍ കത്തിക്കലും

പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ വിശകലനപ്രകാരം വാഹനങ്ങളില്‍ നിന്നുള്ള പുക, പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കല്‍, ഇതൊക്കെയാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍.

മലിനീകരണം രൂക്ഷമായിട്ടും സ്‌കൂളുകളില്‍ ഡിസംബര്‍ മാസത്തില്‍ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ”ഇത് കുട്ടികളെ ഗ്യാസ് ചേംബറിലടക്കുന്നതിന് തുല്യം” – കോടതി അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലെ കുറഞ്ഞ താപനില 10.2°C – സാധാരണയേക്കാള്‍ 2.1 ഡിഗ്രി കുറവ്. വരുന്ന ദിവസങ്ങളില്‍ മിതമായ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്.

തുടര്‍ച്ചയായ ഗുരുതര മലിനീകരണത്തെ തുടര്‍ന്ന് ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി അനേകം വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.