ഡല്‍ഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ താരം ഐശ്വരി പ്രതാപ് സിങ് തോമറിന് സ്വര്‍ണ മെഡല്‍. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനിലാണ് 20-കാരനായ പ്രതാപ് സിങ് സ്വര്‍ണം വെടിവെച്ചിട്ടത്.

ഇത്തവണത്തെ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ എട്ടാമത്തെ സ്വര്‍ണനേട്ടമാണിത്.

ഡല്‍ഹിയിലെ ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന മത്സരത്തില്‍ 462.5 പോയന്റ് നേടിയാണ് പ്രതാപ് സിങ് സ്വര്‍ണമെഡല്‍ നേടിയത്. ഒരു പോയന്റിന്റെ മാത്രം വ്യത്യാസത്തില്‍ ഹംഗറിയുടെ ഇസ്ത്വാന്‍ പെനിക്കാണ് വെള്ളി. 450.9 പോയന്റുമായി സ്റ്റെഫെന്‍ ഓള്‍സെന്‍ വെങ്കലം സ്വന്തമാക്കി.

നേരത്തെ 2019-ലെ ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കളം നേടിയ പ്രതാപ് സിങ് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.