യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ക്ക് പിന്നാലെ ആരോഗ്യ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്ന രണ്ട് പുതിയ കോവിഡ് വകഭേദങ്ങള്‍ കലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. B.1.427, B.1.429 എന്നീ വകഭേദങ്ങള്‍ക്ക് 20 ശതമാനം കൂടുതല്‍ വ്യാപനശേഷിയുണ്ടെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ കലിഫോര്‍ണിയ വകഭേദങ്ങള്‍ക്ക് എതിരെ ചില കോവിഡ് ചികിത്സകള്‍ നിഷ്‌ക്രിയമാകുമെന്നും സിഡിസി മുന്നറിയിപ്പ് നല്‍കുന്നു.

‘ഉത്കണ്ഠയുണ്ടാക്കുന്ന വകഭേദങ്ങള്‍’ എന്നാണ് സിഡിസി ഇവയെ വിശേഷിപ്പിച്ചത്. കൂടുതല്‍ രോഗവ്യാപനത്തിനും കൂടുതല്‍ പേരുടെ ആശുപത്രി വാസത്തിനും മരണത്തിനും, ആന്റിബോഡികളുടെ നിര്‍വീര്യമാക്കല്‍ ശേഷി കുറയ്ക്കുന്നതിനും ഈ കലിഫോര്‍ണിയ വകഭേദങ്ങള്‍ കാരണമാകുമെന്ന് സിഡിസി തെളിവുകള്‍ നിരത്തുന്നു.

സിഡിസിയുടെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 4855 കൊറോണ വൈറസ് കേസുകളാണ് വിവിധ വകഭേദങ്ങളാല്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.