കോഴിക്കോട്: പി.പി അജ്മലിന് ഇനി ധൈര്യസമേതം ആന്ധ്രയിലെ അനന്തപൂരിലെ ഇന്ത്യന്‍ ക്യാമ്പില്‍ പങ്കെടുക്കാം.

അടുത്ത മാസം ഏഴിന് കാനഡയില്‍ നടക്കുന്ന ലോക സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടും സാമ്പത്തിക പ്രയാസത്തില്‍ ലോകകപ്പ് മോഹം നഷ്ടമാവുമെന്ന ഭയന്ന താരത്തിന് പിന്തുണയുമായി കേരളത്തിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് നിര്‍മാണ സ്ഥാപനമായ കോസ്‌മോസ് സ്‌പോര്‍ട്‌സ് രംഗത്ത് വന്നു.

അജ്മലിന് ഒരു ലക്ഷം രൂപയുടെ സഹായം നല്‍കുമെന്ന് കോസ്‌മോസ് സ്‌പോര്‍ട്‌സ് കോ ചെയര്‍മാന്‍ ഏ.കെ ഫൈസല്‍ ദുബൈയില്‍ അറിയിച്ചു. അജ്മലിന്റെ വേദന മാധ്യമങ്ങളിലുടെ അറിഞ്ഞുവെന്നും ലോകകപ്പ് പോലെ വലിയ ചാമ്പ്യന്‍ഷിപ്പ് മുന്നില്‍ നില്‍ക്കുമ്പോല്‍ സാമ്പത്തിക പ്രയാസത്തില്‍ ഒരു താരത്തിന് അവസരം നിഷേധിക്കപ്പെടരുതെന്നും എ.കെ ഫസല്‍ പറഞ്ഞു.

കായികമായി ഇന്ത്യയും കേരളവും വളരുമ്പോള്‍ അതിന് തന്റെയും സ്ഥാപനത്തിന്റെയും പൂര്‍ണ്ണ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അജ്മലിന് കാനഡയില്‍ എല്ലാ വിധവിജയാശംസകളും ഏ.കെ ഫൈസല്‍ നേര്‍ന്നു.

സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തില്‍ അംഗമാണ് അജ്മല്‍. കടം വാങ്ങിയാണ് അദ്ദേഹം ആന്ധ്രയിലെ പരിശീലനത്തിന് പോയിരിക്കുന്നത്. 13 വരെയാണ് ആന്ധ്രയിലെ ക്യാമ്പ്. അതിന് മുമ്പായി ഇന്ത്യന്‍ സോഫ്റ്റ്‌ബോള്‍ ഫെഡറേഷന് പണം കൈമാറണം. പതിനെട്ട് പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.
ടീമില്‍ അംഗമായ മറ്റൊരു മലയാളി വയനാട് സ്വദേശി ആര്‍ വിനീതിനെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. ഫാറുഖ് കോളജില്‍ എം.എ പൂര്‍ത്തിയാക്കിയ അജ്മല്‍ ഇപ്പോള്‍ തേവര എസ്.എച്ച് കോളജില്‍ എം.എ സോഷ്യോളജി വിദ്യാര്‍ത്ഥിയാണ്.

കോട്ടയത്ത് നടന്ന ദേശീയ അന്തര്‍ സര്‍വകലാശാല സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ എം.ജി ടീമിന് വേണ്ടി കളിച്ച അജ്മല്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാലിക്കറ്റ് സര്‍വകലാശാല ടീമിന് വേണ്ടി ആറ് വര്‍ഷം

പ്രധാന ഹിറ്റര്‍, സെന്റര്‍ ഫീല്‍ഡര്‍ എന്നി പൊസിഷനുകളിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ടീമിന് വേണ്ടി ആറ് വര്‍ഷം കളിച്ചിട്ടുണ്ട്.

ഇതില്‍ മൂന്ന് വര്‍ഷം ക്യാപ്റ്റനായിരുന്നു. കുണ്ടായിത്തോട് ആമാം കുനി വയല്‍ എ എം ഹൗസില്‍ അഷ്‌റഫിന്റെയും മെഹജബിയുടെയും മകനാണ്.
അജ്മലിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ കോസ്‌മോസ് സ്‌പോര്‍ട്‌സിനും ഏ.കെ ഫൈസലിനും കായിക ലോകവും സോഫ്റ്റ് ബോള്‍ അസോസിയേഷനും നന്ദി പറഞ്ഞു.

അജ്മലിന് പരിശീലനത്തിനുള്ള സഹായവും നേരത്തെ കോസ്‌മോസ് സ്‌പോര്‍ട്‌സ് നല്‍കിയിരുന്നു.