ബര്‍മിങ്ഹാം: ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുമായി എന്തു പ്രശ്‌നമെന്ന് നായകന്‍ കോഹ്‌ലിയുടെ ചോദ്യം. ഇന്ത്യന്‍ നായകനുള്‍പ്പടെ മുന്‍ നിര താരങ്ങള്‍ക്ക് നിലവിലെ പരിശീലകന്‍ കുംബ്ലെയുടെ കര്‍ശന പരിശീലന നടപടിയുമായി പൊരുത്തപ്പെടാനാവില്ലെന്ന് തുടങ്ങിയ വാര്‍ത്തകള്‍ നിഷേധിച്ച വിരാട് കോഹ്‌ലി ചിലരുടെ സങ്കല്‍പങ്ങള്‍ മാത്രമാണ് അവയെന്നും തിരിച്ചടിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ നേരിടുന്നതിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിനെ ചുറ്റിപ്പറ്റി നിന്നിരുന്ന അഭ്യൂഹങ്ങളുടെ മുനയൊടിച്ചത്.

ചില തല്പര കക്ഷികളാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍. പരിശീലകന്‍ അനില്‍ കുംബ്ലെയുമായി യാതൊരു പ്രശനവുമില്ലെന്നും വളരെ സുഗമമായാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നായകനുള്‍പ്പടെ മുന്‍ നിര താരങ്ങള്‍ക്ക് അനഭിമതനായ കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. താരങ്ങളെ ഉപയോഗിച്ച് ബിസിസിഐ തന്നെയാണ് കുംബ്ലെയ്‌ക്കെതിരെ തിരിയുന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഐസിസിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാത്തതിനെതിരെ അനില്‍ കുംബ്ലെ രംഗത്തെത്തിയിരുന്നു. കോടതി രൂപീകരിച്ച താല്‍ക്കാലിക സമിതിക്ക് മുമ്പാകെ വേതനം കൂട്ടുന്നതിന് നിവേദനം നല്‍കിയ കുംബ്ലെയുടെ നിലപാടും ബിസിസിഐക്ക് രസിച്ചിരുന്നില്ല. ഇതിനിടെ കുംബ്ലെയുടെ കാലാവധി തീരുന്നതോടെ സെവാഗിനെ പരിശീലകനാക്കാനുളള നീക്കം നടക്കുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചു.

വിവാദങ്ങള്‍ക്ക് എരിവ് പകര്‍ന്ന് താല്‍ക്കാലിക ഭരണ സമിതി അംഗമായ രാമചന്ദ്ര ഗുഹ ഇന്ത്യന്‍ ക്രിക്കറ്റിലെ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടി കത്തെഴുതുകയും രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്രയുമായതോടെ സൗരവ് ഗാംഗുലി വിശദീകരണവുമായി എത്തി. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ചാമ്പ്യന്‍സ് ട്രോഫി പോലൊരു സുപ്രധാനമായ മത്സരം കളിക്കുമ്പോള്‍ കളിക്കാരുടെ മനോബലം കുറക്കാന്‍ മാത്രമേ ഇത്തരം ആരോപണങ്ങള്‍ കൊണ്ട് കഴിയൂ എന്നും സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ഉറപ്പിച്ചു പറയുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മറ്റേത് കളിയും പോലെയേ ഇന്ത്യാ-പാക് മത്സരത്തെ കാണുന്നുള്ളൂ എന്നും കൂട്ടിച്ചേര്‍ത്തു.