ന്യൂഡല്‍ഹി: ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുണ്ട കാലഘട്ടത്തിലേക്കു പോവുകയാണെന്ന് തെളിയിക്കുന്നതാണ് കെവിന്റേതുള്‍പ്പെടെ അടുത്ത കാലത്തുണ്ടായ കൊലപാതകങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സമൂഹത്തില്‍ ജീര്‍ണത വളരുന്നു. ഉത്തരേന്ത്യയില്‍ ഖാപ് പഞ്ചായത്തും കേരള സമൂഹവും തമ്മില്‍ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ അടിച്ചോടിച്ച അനാചാരങ്ങളും ജാതി വിദ്വേഷങ്ങളും കേരളത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നു. ഇതിനെതിരെ രാഷ്ട്രീയ കക്ഷികളും, സമൂദായ നേതാക്കളും സമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കേരളത്തിലെ പൊലീസിന്റെ പോക്ക് ശരിയല്ല, കെവിന്റെ കൊലപാതകത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാരെ കൂട്ടു പ്രതികളാക്കി കേസെടുക്കണമെന്നും ആന്റണി പറഞ്ഞു.