തിരുവനന്തപുരം: ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഏകെ ബാലന്‍. തിയ്യേറ്ററുകളില്‍ മാത്രമല്ല, ആളുകള്‍ കൂടുന്നിടത്തൊക്കെ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിയ്യേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അധികൃതരോട് പറഞ്ഞിട്ടുണ്ട്. അനുസരിക്കാത്തവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാന്‍ സാധിക്കുകയില്ല. ദേശസ്‌നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസില്‍ നിന്നു വരേണ്ടതാണെന്നും എ.കെ ബാലന്‍ പറഞ്ഞു. നമ്മുടെ ദേശത്തിന്റെ വികാരം നമ്മളാണ് മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ വേറെ ആരു മനസ്സിലാക്കുമെന്നും അദ്ദേഹം ചോദിച്ചു.

തിയ്യേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു.