തിരുവന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റ വിമുക്തനാക്കി. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് നെടുമങ്ങാട് സ്വദേശിനി നല്‍കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.

എ.കെ ശശീന്ദ്രന്‍ കേസില്‍ കുറ്റവിമുക്തനായതോടെ നാളെ എന്‍.സി.പി സംസ്ഥാന നേതൃത്വം ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കാനുള്ള സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യും . സി.പി.എമ്മിലും എല്‍.ഡി.എഫിലും ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ വിരോധമില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പിണറായി മന്ത്രി സഭയില്‍ എന്‍.സി.പിയുടെ മന്ത്രിയായി ശശീന്ദ്രന്‍ വീണ്ടും എത്തുമെന്ന് ഏറെകുറെ ഉറപ്പായി. മന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും മന്ത്രിയാവാന്‍ എ.കെ ശശീന്ദ്രന് തടസ്സമില്ലെന്നും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ പ്രതികരിച്ചു.

തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വെച്ച് മോശമായി പെരുമാറിയിട്ടില്ലെന്നു ചാനല്‍പ്രവര്‍ത്തക മൊഴി നല്‍കിയിരുന്നു.

2017 മാര്‍ച്ച് 26 നായിരുന്നു ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

.