ലക്‌നൗ: തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നുവെന്ന് ഗുരുതര ആരോപണവുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വോട്ടിങ് യന്ത്രങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പുകളില്‍ വന്‍തോതിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത്. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

പത്ത് സംസ്ഥാനങ്ങളിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും നാല് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടിങ് യന്ത്രങ്ങളിലും വി.വി.പാറ്റ് യന്ത്രങ്ങളിലും തകരാറുകള്‍ സംഭവിച്ചതിനെതിരെ വിവിധ സ്ഥാനാര്‍ഥികളുടെ രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് അംഗീകരിച്ചിരുന്നില്ല.

എസ്.പി-ആര്‍.എല്‍.ഡി സ്ഥാനാര്‍ഥികള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലാക്കിയത് യു.പി സര്‍ക്കാറിന്റെ ആസൂത്രിത നീക്കമാണെന്നും അഖിലേഷ് ആരോപിച്ചു. യന്ത്രത്തകരാറുകള്‍ മൂലം വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നവരെ വീണ്ടും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. വാട്ട് ചെയ്യാനാകാതെ മടങ്ങിയവര്‍ക്കു വോട്ട് രേഖപ്പെടുത്താനാകുമെന്നാണു പ്രതീക്ഷ. കയ്‌റാന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്പിയും രാഷ്ട്രീയ ലോക്ദളും ഒരുമിച്ച് നിര്‍ത്തിയ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നും അഖിലേഷ് ആരോപിച്ചു.