ലക്‌നൗ: ഉത്തര്‍ പ്രദേശിലെ കൈരാനയിലും മഹാരാഷ്ട്രയിലെ ബന്ദാര ഗോണ്ഡിയയിലും നാളെ റീപോളിങ്. കൈരാനയില്‍ 73 ബൂത്തുകളിലും ബന്ദാര ഗോണ്ഡിയയില്‍ 49 ബൂത്തുകളിലുമാണ് റീപോളിങ് നടക്കുക.

കഴിഞ്ഞ ദിവസം ഈ രണ്ട് മണ്ഡലങ്ങളിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. കൈരാനയില്‍ മാത്രം 300ഓളം വോട്ടിങ് മെഷീനുകളാണ് തകരാറിലായത്. ബന്ദാര ഗോണ്ഡിയയിലും വോട്ടിങ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തി. തുടര്‍ന്നാണ് ചില ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

ഉത്തര്‍ പ്രദേശിലെ നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലേക്കും മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന തെരഞ്ഞെടുപ്പിലും വോട്ടിങ് മെഷീനില്‍ തകരാര്‍ കണ്ടെത്തിയിരുന്നു.