X
    Categories: Video Stories

കോണ്‍ഗ്രസ് ബന്ധം തുടരും; മായാവതിയുടെ ആരോപണത്തില്‍ അന്വേഷണം വേണം: അഖിലേഷ് യാദവ്

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി മുഖ്യമന്ത്രി എന്ന നിലക്ക് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന മായാവതിയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്നും പത്രസമ്മേളനത്തില്‍ അഖിലേഷ് പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലയിരുത്തലാണ് നടന്നിട്ടുള്ളത് എന്നു കരുതുന്നു. ഞങ്ങള്‍ എക്‌സ്പ്രസ് ഹൈവേകള്‍ ഉണ്ടാക്കി. ജനങ്ങള്‍ക്ക് അത് പോരാ, ബുള്ളറ്റ് ട്രെയിനുകള്‍ തന്നെ വേണ്ടിയിരുന്നിരിക്കണം. അടുത്ത സര്‍ക്കാര്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഉണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പ് റാലികളില്‍ ആവേശത്തോടെ ഒഴുകിയെത്തിയിരുന്ന ചെറുപ്പക്കാര്‍ അടക്കമുള്ള ജനം എസ്.പിക്ക് വോട്ട് ചെയ്തില്ലെന്ന് കരുതേണ്ടി വരും – അഖിലേഷ് പറഞ്ഞു.

പുതിയ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ഞങ്ങളും ജനങ്ങളും വിലയിരുത്തും. കര്‍ഷകരുടെ കടം എഴുതിത്തള്ളുകയും നിരവധി ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കിയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയുമാണ് ഞങ്ങള്‍ ഭരിച്ചത്. ജനങ്ങള്‍ക്ക് അതൊന്നും പോരാ എന്നാണെങ്കില്‍ അതിനേക്കാള്‍ മികച്ച ഭരണ സംവിധാനമാണ് വരേണ്ടത്. അതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. സൈക്കിളിന്റെ കാറ്റുപോയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞങ്ങളുടെ സൈക്കിള്‍ ട്യൂബ്‌ലെസ് ആണെന്നായിരുന്നു അഖിലേഷിന്റെ മറുപടി.

സാധാരണക്കാരെയും പാവപ്പെട്ടവരെയും മോഹങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചാണ് ബി.ജെ.പി പ്രചരണം നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ എന്തണെന്നു പോലും മനസ്സിലാക്കാനാവാത്തവരാണ് യു.പിയിലെ ദരിദ്രര്‍. നോട്ടുനിരോധനം പോലുള്ളത് ഗുണമായി ഭവിക്കുമെന്നാണ് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ സ്വപ്‌നങ്ങള്‍ വെറുതെയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ഉടന്‍ ബോധ്യപ്പെടും.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇനിയും ഏറെ അകലെയാണ്. കോണ്‍ഗ്രസുമായുള്ള ബന്ധം തുടരാന്‍ തന്നെയാണ് തീരുമാനം.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന മായാവതിയുടെ ആരോപണം ഗൗരവമേറിയതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുമ്പോള്‍ സര്‍ക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം നടത്തേണ്ടി വരും. അത് സൂക്ഷ്മമായി നിരീക്ഷിച്ച് വേണ്ടത് ചെയ്യും. കൃഷിക്കാര്‍ക്കും പാവങ്ങള്‍ക്കുമൊപ്പം അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാടുമെന്നും സഖ്യത്തിന് വോട്ട് ചെയ്തവരോട് നന്ദിയുണ്ടെന്നും അഖിലേഷ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: