Culture

അലന്‍സിയറുടെ തോക്ക് പ്രയോഗം: രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു രംഗത്ത്

By chandrika

August 10, 2018

കൊച്ചി : കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിനിടെ മുഖ്യാതിഥിയായി പങ്കെടുത്ത നടന്‍ മോഹന്‍ലാലിന് നേരെ വിരല്‍ കൊണ്ട് വെടിവെച്ച നടന്‍ അലന്‍സിയറുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്.

ആദ്യം വ്യാജ ഹര്‍ജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ? എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് തോക്ക് പ്രയോഗത്തിനെതിരെ ജോയ് മാത്യുവിന്റെ വിമര്‍ശനം. അലന്‍സിയറുടെ പ്രവര്‍ത്തി പണ്ട് എം.ജി.ആറിനെതിരെ വെടിയുതിര്‍ത്ത എം.ആര്‍ രാധയുടേതിനേക്കാള്‍ മാരകമാണെന്ന് ജോയ് മാത്യു പോസ്റ്റില്‍ പറയുന്നു.

സത്യത്തില്‍ വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ് ? മോഹന്‍ലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹര്‍ജി നിഷ്‌ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്‌കാരിക മന്ത്രിക്ക് നേരെയല്ലേ ആ ‘വിരല്‍ വെടി’ ഉതിര്‍ക്കേണ്ടിയിരുന്നത് ? (എന്നാല്‍ വിവരമറിയും ) മോഹന്‍ലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേര്‍ക്കാണ് ആ ‘വിരല്‍ വെടി പോയതെങ്കില്‍’ അലന്‍സിയര്‍ വിവരമറിഞ്ഞേനെയെന്നും ജോയി മാത്യു പരിഹസിച്ചു.

 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രുപം:

ആദ്യം വ്യാജ ഹര്‍ജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ?

സിനിമയിലെ സഹപ്രവര്‍ത്തകന് നേരെ ആദ്യം വെടിയുതിര്‍ത്തത് എം ആര്‍ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു . വെടികൊണ്ടത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാല്‍ എം ജി ആറിന് . അതിനു പിന്നില്‍ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവര്‍ത്തകനായ അലന്‍സിയാര്‍. ഭാഗ്യത്തിന് തോക്കില്‍ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യില്‍ ഇല്ലായിരുന്നു . വിരല്‍ ആയിരുന്നു അലന്‍സിയാറിന്റെ സിംബോളിക് തോക്ക് . അതിനാല്‍ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം. പക്ഷെ വിരല്‍ അങ്ങനെയല്ലല്ലോ . അത് പല ആവശ്യങ്ങള്‍ക്കും പല അര്‍ഥത്തില്‍ ഉപയോഗിക്കുന്നതാണല്ലോ. വിരല്‍ പ്രയോഗങ്ങള്‍ പലതാണ് . അഭിനയം പഠിച്ചവര്‍ക്ക് അത് നന്നായി അറിയുകയും ചെയ്യാം. സത്യത്തില്‍ വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ് ? മോഹന്‍ലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹര്‍ജി നിഷ്‌ക്കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്‌കാരിക മന്ത്രിക്ക് നേരെയല്ലേ ആ ‘വിരല്‍ വെടി’ ഉതിര്‍ക്കേണ്ടിയിരുന്നത് ? (എന്നാല്‍ വിവരമറിയും ) അതല്ല മോഹന്‍ലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേരെയാണ് ആ ‘വിരല്‍ വെടി പോയതെങ്കിലോ ? (അപ്പോള്‍ ശരിക്ക് വിവരമറിയും ) അനീതികള്‍ക്ക് നേരെ ആരുടെ നേര്‍ക്കും മുട്ടിടിക്കാതെ വിരല്‍ ചൂണ്ടുന്നവനായിരിക്കണം കലാകാരന്‍ . അല്ലാതെ സഹപ്രവര്‍ത്തകനെ പൊതു വേദിയില്‍വെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച് അപമാനിക്കുന്നത് എം .ആര്‍.രാധ രാഷ്ട്രീയപ്രേരിതമായി എം ജി ആറിന് നേര്‍ക്കു ഉതിര്‍ത്ത വെടിയുണ്ടയേക്കാള്‍ മാരകമാണ്.