എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഒഴിവാക്കണമെന്നായിരുന്നു തുടക്കത്തില്‍ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ അലര്‍ജി വിദഗ്ധര്‍ നടത്തിയ പുതിയ പഠനം തെളിയിക്കുന്നത് കോവിഡ് വാക്‌സീന്‍ മൂലം കടുത്ത അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അപൂര്‍വമാണെന്നാണ്. അതിനാല്‍ ഉയര്‍ന്ന അലര്‍ജി റിസ്‌ക്കുള്ളവര്‍ക്കും സുരക്ഷിതമായി വാക്‌സീന്‍ എടുക്കാം എന്നാണ് ഇവരുടെ പക്ഷം. ചില ആഹാര പദാര്‍ഥങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍, ലാറ്റക്‌സ്, തേനീച്ച കുത്ത്, സര്‍പ്പ വിഷം എന്നിവയോട് കടുത്ത അലര്‍ജി ഉള്ളവര്‍ക്കും സുരക്ഷിതമായി കോവിഡ് വാക്‌സീന്‍ എടുക്കാമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.

അതേസമയം വാക്‌സീനിലെ ഒരു ചേരുവയായ പോളി എത്തിലീന്‍ ഗ്ലയ്‌കോളിനോട്(PEG) അലര്‍ജിയുള്ളവര്‍ mRNA വാക്‌സീന്‍ കുത്തിവെയ്പ്പ് ഒഴിവാക്കണമെന്നും ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

അലര്‍ജി പ്രതികരണങ്ങളോടുള്ള ഭയം മൂലം പലരും കോവിഡ് വാക്‌സീന്‍ ഒഴിവാക്കുന്ന അവസ്ഥയുണ്ട്. ഇത്തരം അനാവശ്യ ഭയത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് ഈ പഠനം. ഫൈസര്‍, മൊഡേണ വാക്‌സീനുകള്‍ എടുത്ത 65000 ഓളം പേരുടെ ഡേറ്റ സാധ്യമായ അലര്‍ജി പ്രതികരണങ്ങള്‍ക്കായി ഗവേഷണ സംഘം പരിശോധിച്ചു. ഈ രണ്ട് mRNA കോവിഡ് വാക്‌സീനുകളിലും PEG സാന്നിധ്യമുണ്ട്.
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് 10 ലക്ഷം mRNA കോവിഡ് വാക്‌സീന്‍ ഡോസുകള്‍ നല്‍കുമ്പോള്‍ അതില്‍ 4.5 കേസുകളില്‍ മാത്രമാണ് അനാഫിലാക്‌സിസ് എന്ന മരണകാരണമായ അലര്‍ജി പ്രതികരണം ഉണ്ടായിട്ടുള്ളത്. ഇതില്‍ 89 ശതമാനത്തിനും വാക്‌സീന്‍ നല്‍കി 15- 30 മിനിറ്റുകള്‍ക്കുള്ളില്‍ അലര്‍ജി പ്രതികരണം ഉണ്ടായി.