റോം: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇറ്റലി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവില്‍ ഒപ്പിട്ടുവെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്‌പെറന്‍സ ട്വിറ്ററിലൂടെ അറിയിച്ചു.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും. എന്നാല്‍, ഇറ്റലിയില്‍ എത്തിയാല്‍ അവര്‍ ക്വാറന്റീനില്‍ പോകേണ്ടിവരുമെന്നും റോബര്‍ട്ടോ സ്‌പെറന്‍സ പറഞ്ഞു. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇന്നലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജര്‍മനി രാജ്യത്തെ ഹൈ റിസ്‌ക് പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. നേരത്തെ അമേരിക്ക, ബ്രിട്ടന്‍, കുവൈത്ത്, ഫ്രാന്‍സ്, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു.