മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൂറ്റന്‍ ജയം. 69 റണ്‍സിനാണ് ചെന്നൈയുടെ ജയം.ചെന്നൈ മുന്നോട്ടുവച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റുകൊണ്ടും ബോളുകൊണ്ടും അവിസ്മരണീയ പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയശില്‍പി. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ വിജയിച്ച് ഒന്നാം സ്ഥാനത്തായിരുന്ന ബാംഗ്ലൂരിന്റെ ആദ്യ തോല്‍വിയാണ് ഇത്. ജയത്തോടെ ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.

ദേവ്ദത്ത് പടിക്കല്‍ (34) ആണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്‌കോറര്‍. മാക്‌സ്വല്‍ 22 റണ്‍സെടുത്തു. ആകെ നാല് താരങ്ങള്‍ക്കേ ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടക്കാനായുള്ളൂ. ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒപ്പം ഡാനിയല്‍ ക്രിസ്ത്യനെ റണ്ണൗട്ടാക്കുകയും ചെയ്തു. ബാറ്റിംഗില്‍ 28 പന്തില്‍ 62 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ജഡേജയാണ് കളിയിലെ താരം.