അലിഗഢ്: അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയിലെ ഭക്ഷണമെനുവില്‍ നിന്നും മാംസവിഭവങ്ങളെ നീക്കം ചെയ്തു. എല്ലാ വിദ്യാര്‍ത്ഥികളും ഇനിമുതല്‍ വെജിറ്റബിള്‍ ഭക്ഷണം മാത്രം കഴിച്ചാല്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശില്‍ വ്യാപകമായി അറവുശാലകള്‍ അടച്ചുപൂട്ടുന്നതിന് പിന്നാലെയാണിത്.

ആഴ്ച്ചയില്‍ രണ്ട് ദിവസമാണ് ഹോസ്റ്റലില്‍ മാംസവിഭവങ്ങള്‍ വിളമ്പിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് വെജിറ്റേറിയന്‍ ഭക്ഷണമാണ്. ഇതിനെക്കുറിച്ച് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ മാംസത്തിന്റെ വില വര്‍ദ്ധിച്ചതാണ് വിഭവങ്ങള്‍ ഒഴിവാക്കാന്‍ കാരണമെന്നും ഇത് താല്‍ക്കാലികമാണെന്നും അധികൃതര്‍ അറിയിച്ചു.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം സംസ്ഥാനത്തെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്നതിന് തുടക്കമിട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്താകെ എല്ലാ അറവുശാലകളും ശിവസേന പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് അടച്ചുപൂട്ടിക്കുകയാണ്. കൂടാതെ അറവുശാലകള്‍ക്ക് തീയിട്ട് നശിപ്പിച്ചിരുന്നു. ഇതില്‍ ജനങ്ങളുടെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.