തെളിവില്ലെന്നു പറഞ്ഞ് കേസ് എടുക്കാതെ വിട്ട പൊലീസിനു മുന്നില്‍ പീഡിപ്പിച്ച ആളുടെ ചെവി മുറിച്ചെടുത്ത് യുവതി. ഉത്തര്‍പ്രദേശിലെ അലിഗഡ് എസ്.പി ഓഫീസിലാണ് സംഭവം.

ബലാത്സംഗം ചെയ്ത യുവാവിന്റെ ചെവി മുറിച്ചെടുത്ത് യുവതി പൊലീസ് സ്റ്റേഷനില്‍ എസ്.പി യശ്വീര്‍ സിങിനു മുമ്പാകെ കീഴടങ്ങുകയായിരുന്നു.

തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് യുവതി പറയുന്നത്.

മക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ അയല്‍ക്കാരായ നാലു യുവാക്കള്‍ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് അക്രമികളെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ അടിച്ചുവീഴ്ത്തിയ ശേഷമാണ് പീഡിപ്പിച്ചത്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല

പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. വൈദ്യ പരിശോധന അടക്കം നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തെളിവില്ലെന്നു പറഞ്ഞ് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയാറായില്ല.

തുടര്‍ന്ന് വീടിനു സമീപത്തുണ്ടായ സംഘര്‍ഷത്തിനിടെ പീഡിപ്പിച്ചവരില്‍ ഒരാളുടെ ചെവി യുവതി കടിച്ചെടുക്കുകയായിരുന്നു.