റിയാദ്: യുഎഇയിലേക്ക് വരുന്നതും യുഎഇയില്‍ നിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ യാത്രാവിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സഊദി അറേബ്യ. യുഎഇ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സഊദി അനുവദിച്ചു നല്‍കുകയായിരുന്നു.

ഇസ്രയേല്‍ യുഎഇ നയതന്ത്ര ബന്ധങ്ങള്‍ക്കു പിന്നാലെ ടെല്‍ അവീവില്‍ നിന്ന് യുഎഇയിലേക്ക് ആദ്യമായി വിമാന സര്‍വീസ് ഏര്‍പെടുത്തിയിരുന്നു. യുഎഇയിലേക്ക് ഈ വിമാനം എത്തണമെങ്കില്‍ സഊദിയുടെ വ്യോമപാത കടന്നു പോവേണ്ടതുണ്ട്. ഇതിന് അനുമതി നേരത്തെ നല്‍കിയിരുന്നു. പിന്നാലെയാണ് യുഎഇയിലേക്കുള്ള എല്ലാ യാത്രാ വിമാനങ്ങള്‍ക്കും സഊദി വ്യോമപാത വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.

അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ഇസ്രയേല്‍ യുഎഇ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും മറ്റു അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്റെ് ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടി ട്രംപിന്റെ ഉപദേശകന്‍ ജറേദ് കുഷ്‌നര്‍ സഊദി അറേബ്യ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രഖ്യാപനം.