കൊച്ചി: ഹാത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം വിവാദമുണ്ടാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം വളച്ചൊടിച്ചെന്ന് നടി അമല പോള്‍. തന്റെ സുഹൃത്തിന്റെ ഇ്ന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവെക്കുകമാത്രമാണ് താന്‍ ചെയ്തത്. അതില്‍ മതവും ജാതിയും കലര്‍ത്തി വിവാദമാക്കിയെന്നും അമല പറഞ്ഞു.

യുപി മുഖ്യമന്ത്രി ആദിത്യനാഥിനെയോ ജാതിവ്യവസ്ഥയേയോ ന്യായീകരിക്കുകയല്ല താന്‍ ഉദ്ദേശിച്ചത്. പൊതുജനം എന്ന നിലയില്‍ നമ്മള്‍ തുടരുന്ന നിശബ്ദതയാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഇതിനെ വളച്ചൊടിച്ച് വിവാദമുണ്ടാക്കി തന്നെ സൈബര്‍ അറ്റാക്കിന് വിട്ടുകൊടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും അമല കുറ്റപ്പെടുത്തി.

അമല യുപി മുഖ്യമന്ത്രിയെ ന്യായീകരിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് അവര്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അമല വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.