അമലാപോളിനെതിരെ മോട്ടോര്‍വാഹന വകുപ്പ് വീണ്ടും രംഗത്ത്. പുതുച്ചേരിയില്‍ ആഢംബര വാഹനം അമല രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ചാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിച്ചതാണെന്നാണ് കണ്ടെത്തല്‍.

ഇതോടെ ഈ മാസം പത്തിനകം നേരിട്ട് ഹാജരായി വിശദമായ മറുപടി നല്‍കുകയോ നികുതി അടക്കുകയോ വേണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒന്നര കോടിയുടെ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരാഴ്ച മുമ്പാണ് വാടകച്ചീട്ട് ഉണ്ടാക്കിയത്. കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തിയാണ് അമല പോളിന് വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്.

നോട്ടീസിനൊപ്പം വിശദമായ ചോദ്യാവലിയും മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഭിഭാഷകന്‍ മുഖേന വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കിയത്.

തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അവര്‍ ഈ വിലാസത്തില്‍ താമസിച്ചിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വിശദമായ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടത്.

തനിക്ക് ഇന്ത്യയിലെവിടെയും വസ്തുക്കള്‍ വാങ്ങാന്‍ അവകാശമുണ്ടെന്നും തന്നെ അനാവശ്യമായി ആക്രമിക്കുകയാണെന്നും ആരോപിച്ച് അമല പോള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും മറ്റും പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജരേഖ ചമച്ച കുറ്റം കൂടി താരത്തിനെതിരെ ചുമത്തിയത്.

കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ നികുതി ഇനത്തില്‍ സംസ്ഥാന ഖജനാവിലേക്ക് 20 ലക്ഷം രൂപ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി വെറും ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് നികുതി നല്‍കിയത്.