മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. താനെ സ്വദേശിയായ മന്‍സുക് ഹിരണിന്റെ മൃതദേഹമാണ് താനെയ്ക്കടുത്തു കല്‍വ കടലിടുക്കില്‍ കണ്ടെടുത്തത്.

തന്റെ കാര്‍ മോഷ്ടിച്ചവര്‍, അതില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് അംബാനിയുടെ വസതിക്കു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നത്.

ഒരാഴ്ച മുന്‍പാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. 20 ജലാറ്റില്‍ സ്റ്റിക്കുകള്‍ വാഹനത്തില്‍നിന്ന് കണ്ടെടുത്തിരുന്നു.