വാഷിങ്ടണ്‍: യു.എസില്‍ തിങ്കളാഴ്ച നടന്ന ഇലക്ടറല്‍ കോളേജ് വോട്ടെടുപ്പില്‍ ജോ ബൈഡനെ പ്രസിഡന്റായും കമലാഹാരിസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. 232 വോട്ടുകള്‍ നേടിയ ഡൊണാള്‍ഡ് ട്രംപിനെതിരേ 306 വോട്ടുകള്‍ക്കാണ് ബൈഡന്‍ വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിച്ച് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും ഇതോടെ ഔദ്യോഗികമായി അറുതിയായി. നവംബര്‍ മൂന്നിലെ വോട്ടെടുപ്പില്‍ ബൈഡന്‍ ഭൂരിപക്ഷം നേടിതയതിനു പിന്നാലെയാണ് ഫെഡറല്‍ നിയമപ്രകാരം തിങ്കളാഴ്ച ഇലക്ടറല്‍ കോളേജിലും വോട്ടെടുപ്പു നടന്നത്.

‘ജനാധിപത്യം ജയിച്ചു’വെന്നും അമേരിക്കയുടെ ഭരണതത്ത്വങ്ങള്‍ പരീക്ഷിക്കപ്പെടുകയും ഭീഷണിനേരിടുകയും ചെയ്‌തെങ്കിലും തകര്‍ന്നിട്ടില്ലെന്നും ജോ ബൈഡന്‍ പ്രതികരിച്ചു. ജനങ്ങളുടെ താത്പര്യത്തെ ബഹുമാനിക്കാന്‍ ട്രംപ് വിസമ്മതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇലക്ടറല്‍ വോട്ടെടുപ്പിനു പിന്നാലെ ഡെലാവെയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.