ദില്ലി: അമര്‍ത്യ സെന്നിനെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിയില്‍ കൈവച്ച് ഇന്ത്യന്‍ ലസെന്‍സര്‍ ബോര്‍ഡ്. ‘പശു, ഹിന്ദുത്വ, ഗുജറാത്ത്, ഹിന്ദു ഇന്ത്യ’ തുടങ്ങി നാലോളം പദങ്ങള്‍ ഡോക്യുമെന്ററിയില്‍ നീക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. നോബല്‍ ജേതാവായ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്നിനെക്കുറിച്ച് ഫിലിം മേക്കറും സാമ്പത്തിക വിദഗ്ധനുമായി സുമന്‍ ഘോഷ് തയാറാക്കിയ ‘അര്‍ഗുമെന്റേറ്റീവ് ഇന്ത്യന്‍’ എന്ന ഡോക്യുമെന്ററിയിലാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിട്ടുള്ളത്.
പരാമര്‍ശിച്ച പദങ്ങള്‍ക്ക് പകരം ബീപ് ശബ്ദം ഉപയോഗിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് സുമനോട് ആവശ്യപ്പെട്ടു. പദങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം. ഇക്കാര്യം നിര്‍മാതാവ് സുമന്‍ ഘോഷിനെ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബോര്‍ഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് നിര്‍മാതാവ് വ്യക്തമാക്കി.
‘ ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയെ ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നുണ്ടെന്നും അതില്‍ കൈവയ്ക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ ശ്രമം. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ സെന്‍സര്‍ ബോര്‍ഡ് സ്വീകരിച്ച നിലപാടുകള്‍ ഞെട്ടിച്ചു കളഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ ക്ലാസിനിടെയാണ് ഗുജറാത്ത് എന്ന പദം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2002 മുതല്‍ 2017 വരെ രണ്ട് ഘട്ടങ്ങളായാണ് ചിത്രം ഒരുക്കിയത്’. നിര്‍മാതാവ് പറഞ്ഞു.