Connect with us

kerala

ബിബിസി ഡോക്യുമെന്ററി തടയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നതെന്ന് അദേഹം ആകുലപ്പെട്ടു.

Published

on

മോദിക്കെതിരായ ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് വി. മുരളീധരന്‍. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന ആവശ്യവുമായാണ് മുരളീധരന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും പറഞ്ഞു.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. സുപ്രീംകോടതിയെ അപമാനിക്കാന്‍ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. മുരളീധരന്‍ പറഞ്ഞു.

രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്തുമെന്നുറപ്പാണെന്നും ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നതെന്ന് അദേഹം ആകുലപ്പെട്ടു.

ആ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, മറിച്ച് വികസനക്കുതിപ്പ് മാത്രം. ആ വികസനക്കുതിപ്പിലും ബിജെപിയുടെ വന്‍വിജയത്തിലും അസ്വസ്ഥയുള്ളവരാണ് ഡോക്യുമെന്ററിക്ക് പിന്നില്‍. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറി വിദേശമാധ്യമം നടത്തുന്ന പ്രചാരവേലയ്ക്ക് കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണ്. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Trending