ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവില്‍ ഇരുന്നൂറിലേറെ ആളുകളെ അജ്ഞാത അസുഖത്തെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപസ്മാരത്തിന് സമാനമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ആളുകള്‍ കൂട്ടത്തോടെ ആശുപത്രികളിലേക്ക് എത്തുകയായിരുന്നു.
228പേരെ ഇതുവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. എലുരുവിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ള ആളുകളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്താണ് അസുഖം എന്ന് വ്യക്തമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവരാരും ഒരു പൊതുപരിപാടിയിലും ഒരുമിച്ച് പങ്കെടുത്തവരല്ല.
എലുരുവില്‍ എത്തിയ മെഡിക്കല്‍ സംഘം രക്ത സാമ്പിളുകളും മറ്റും ശേഖരിച്ചിട്ടുണ്ട്. വ്യത്യസ്ത പ്രായത്തിലുള്ളവരാണ് അസുഖ ലക്ഷണത്തോടെ ആശുപത്രികളില്‍ എത്തിയിരിക്കുന്നത്. സ്ഥിതി വഷളായതോടെ ഒരു ആറുവയസ്സുകാരിയെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയെന്നും എന്നാല്‍ നെഗറ്റീവ് ആണ് ഫലമെന്നും ആരോഗ്യമന്ത്രി അല്ല നാനി പറഞ്ഞു. കുടിവെള്ളത്തിലോ ഭക്ഷണത്തിലോ വിഷം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഈ പ്രദേശത്ത് വീടുകള്‍ തോറും പരിശോധന നടത്താന്‍ മന്ത്രി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
പെട്ടെന്ന് കുഴഞ്ഞുവീഴുകയും ഛര്‍ദിയും വയറിളക്കും അനുഭവപ്പെട്ട നിലയിലാണ് എല്ലാവരെയും ആശുപത്രികളില്‍ എത്തിച്ചിരിക്കുന്നത് എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Be the first to write a comment.