രാജ്യത്തെ ജനങ്ങള്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍, മത ജാതി മത കക്ഷി വര്‍ഗ ഭേദമെന്യേ അതിജീവനത്തിന്റെ പോരാട്ടത്തിലാണിന്ന്. സമാധാനമാണ് അതിന്റെ മുഖമുദ്ര. നവംബര്‍ 26മുതല്‍ കര്‍ഷക സംഘടനകളുടെ ഐക്യസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഡല്‍ഹിചലോ’ മാര്‍ച്ചിലും ധര്‍ണയിലും ലക്ഷക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തുവരുന്നത്. തങ്ങളുടെ ജീവനും കൃഷിയും ഉപജീവനമാര്‍ഗവും എന്നെന്നേക്കുമായി നിലയ്ക്കുന്ന സാഹചര്യത്തില്‍നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. കേന്ദ്ര സര്‍ക്കാരിനെ പിന്താങ്ങുന്ന ദേശീയ മാധ്യമങ്ങള്‍ക്ക് മുതല്‍ ബി.ബി.സി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കുവരെ സമരം റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനാവില്ലെന്ന് വന്നിരിക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കയിലടക്കം റാലികള്‍ നടക്കുന്നു. ഇത് തെളിയിക്കുന്നത് ഇന്ത്യയിലെ കര്‍ഷകരോട് ലോക ജനതക്ക് അനുഭാവമുണ്ടെന്ന് മാത്രമല്ല, ഇന്ത്യാസര്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്ന കര്‍ഷകര്‍ക്കെതിരായ കരിനിയമങ്ങള്‍ വലിച്ചു ദൂരെകളയണമെന്ന് ഇന്ത്യക്കാരെപോലെ ലോക കര്‍ഷക സമൂഹവും സാധാരണക്കാരും ആഗ്രഹിക്കുന്നുവെന്നാണ്.

സമരത്തിന് ഐക്യദാര്‍ഢ്യവും അനുഭാവവും പ്രകടിപ്പിച്ച് ഇന്നലെ രാജ്യത്താകമാനം കര്‍ഷക സംഘടനകള്‍ ദേശീയഹര്‍ത്താല്‍ നടത്തുകയുണ്ടായി. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നടന്ന ഹര്‍ത്താലില്‍ ജനജീവിതം മിക്കയിടത്തും സ്തംഭിച്ചു. ശനിയാഴ്ച പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനുള്ള ആഹ്വാനത്തിനും നല്ല പ്രതികരണമാണുണ്ടായിരുന്നത്. 12 ഓളം കര്‍ഷക സംഘടനകളാണ് സമരത്തിന് മുന്‍പന്തിയിലെങ്കിലും ഇന്നലത്തെ ഹര്‍ത്താലിന് രാജ്യത്തെ 25 രാഷ്ട്രീയകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചത് സമരത്തിന്റെ വിജയത്തിന് കാരണമാണ്. കോണ്‍ഗ്രസും മുസ്‌ലിംലീഗും ഡി.എം.കെ, എന്‍.സി.പി, എസ്.പി, ബി.എസ്.പി, അകാലിദള്‍, ഇടത് തുടങ്ങിയ 25ഓളം കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഹര്‍ത്താലിനോടനുബന്ധിച്ച് കക്ഷിനേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഡല്‍ഹിയില്‍ സമരക്കാരുമായി സംവദിക്കാനെത്തിയതിനെ ദൗര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടത് പ്രതികാരബുദ്ധിയോടെയാണെന്നാണ് വാര്‍ത്തകള്‍ തെളിയിക്കുന്നത്. പ്രമുഖ രാഷ്ട്രീയകക്ഷി നേതാക്കളെ അറസ്റ്റുചെയ്തതിനുപുറമെ സമരം നടക്കുന്ന സ്ഥലത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലില്‍ വെക്കാനും യോഗേന്ദ്രയാദവ്, ചന്ദ്രശേഖര്‍ ആസാദ് പോലുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കാനും കേന്ദ്രത്തിന്റെ പൊലീസ് തയ്യാറായത് വലിയ രോഷമാണ് ജനങ്ങളിലുയര്‍ത്തിയിരിക്കുന്നത്. 26നും 27നുമായി നടന്ന ഡല്‍ഹി ചലോ മാര്‍ച്ചിനുശേഷം നേതാക്കള്‍ സമരക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നത് സമരത്തിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനകം നാലു ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുകൂട്ടിയെങ്കിലും സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കടുംപിടുത്തം കാരണം വഴിമുട്ടുകയാണുണ്ടായത്. മര്‍ദനമുറകളും റോഡ് കുഴിക്കലും വിഫലമായതോടെ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായതുതന്നെ അവരുടെ പരാജയമാണ് കാണിക്കുന്നത്. ചര്‍ച്ചയില്‍ കര്‍ഷക സംഘടനാപ്രതിനിധികള്‍ ഉന്നയിക്കുന്ന പ്രധാന ഉപാധി നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ്. ഇതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് നിയമം, കര്‍ഷകകരാര്‍ നിയമം, അവശ്യവസ്തുനിയമം എന്നിവയാണ് കര്‍ഷകരുടെയും ജനങ്ങളുടെയും പരക്കെയുള്ള എതിര്‍പ്പിനെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 17ന് ഒറ്റയടിക്ക് പാസാക്കിയെടുത്തത്. കോവിഡ് കാലത്ത് പല അംഗങ്ങളും സഭയില്‍ ഹാജരാകാതിരുന്നിട്ടും തിടുക്കപ്പെട്ട് നിയമങ്ങള്‍ പാസാക്കിയെടുത്തത് പ്രതിപക്ഷത്തിന്റെ ശക്തമായ വിയോജിപ്പോടെയായിരുന്നു. പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കാനും സ്പീക്കര്‍ തയ്യാറായി. ഇത് തെളിയിക്കുന്നത് സര്‍ക്കാരിന് എന്തെല്ലാമോ വാശി ഇക്കാര്യത്തിലുണ്ടെന്നാണ്. സ്വന്തം മുന്നണിയിലെ ഘടകക്ഷിയായ ശിരോമണി അകാലിദളും അതിന്റെ വനിതാമന്ത്രിയും മുന്നണിയും സര്‍ക്കാരും വിട്ടുപോയിട്ടുപോലും കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പാസാക്കിയത് അവര്‍ക്ക് കര്‍ഷകരേക്കാളും പഥ്യം കുത്തകകളോടാണെന്നതിനാലാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതേ പിടിവാശിയാണ് ചര്‍ച്ചയിലും നേതാക്കളുടെ അറസ്റ്റിലും തടങ്കലിലും പ്രകടമാകുന്നത്. ചര്‍ച്ചകളില്‍ സര്‍ക്കാര്‍ ഭാഗം പ്രധാനമായും ആവര്‍ത്തിക്കുന്നത് കാര്‍ഷിക വിളകളുടെ താങ്ങുവില നിലനിര്‍ത്തുമെന്നാണ്. എന്നാല്‍ ഇതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല. മണ്ഡിപോലുള്ള ചന്ത സമ്പ്രദായങ്ങള്‍ നിര്‍ത്തലാക്കി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ആര്‍ക്കുവേണമെങ്കിലും വിറ്റഴിക്കാന്‍ കഴിയുമെന്ന വ്യവസ്ഥയാണ് ഏറെ പ്രതിലോമകരം. കുത്തകകള്‍ക്ക് നിയമത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്തെ ഏത് കര്‍ഷകനെയും സമീപിച്ച് തങ്ങളുടെ ഇഷ്ടപ്രകാരമുള്ള വിലനല്‍കി അമൂല്യമായ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങിക്കൊണ്ടുപോകാമെന്ന വ്യവസ്ഥയാണ് ഏറെ അപകടകരം. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള താങ്ങുവില നല്‍കി കര്‍ഷകരുടെ പ്രത്യേക മാര്‍ക്കറ്റുകളില്‍ മാത്രമേ അവ വില്‍ക്കാന്‍കഴിയൂ. ഇടത്തട്ടുകാരെ ഒഴിവാക്കുകവഴി റിലയന്‍സ് ഫ്രഷ് പോലുള്ള വ്യാപാര കുത്തകകള്‍ക്ക് കാര്‍ഷിക മേഖലയില്‍ യഥേഷ്ടം കടന്നുകയറി വില നിശ്ചയിക്കാന്‍ കഴിയുമെന്ന കരിനിയമമാണ് പിന്‍വലിക്കപ്പെടേണ്ടത്. എന്നാല്‍ ഈ കരിനിയമത്തിന് കോടികള്‍ കൈക്കൂലിയായി വാങ്ങിയിരിക്കുന്ന കേന്ദ്ര സര്‍ക്കാരിലെ ആളുകള്‍ക്ക് കര്‍ഷകരേക്കാള്‍ താല്‍പര്യം ആരോടായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അതാണ് ഡല്‍ഹിയിലെ പൊലീസ്‌രാജില്‍ തുടക്കംമുതല്‍ കാണുന്നത്.

മിഥ്യാഭിമാനവും കുത്തകകളുടെ ഓശാരങ്ങളും വെടിയാനും കര്‍ഷകരുടെയും രാജ്യത്തെ സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും ഭാവിയെയുംകുറിച്ച് ചിന്തിക്കാനും എന്തുകൊണ്ട് മോദിക്കും മന്ത്രിമാര്‍ക്കും കഴിയുന്നില്ല. ധാര്‍ഷ്ട്യം കാരണമാണെങ്കില്‍ അത് അവസാനിപ്പിക്കുമെന്ന ദൃഢനിശ്ചയമാണ് കര്‍ഷകരില്‍നിന്നുയരുന്നത്. ഇന്ന് നടക്കാനിരിക്കുന്ന അഞ്ചാംവട്ട ചര്‍ച്ചയിലെങ്കിലും നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്ന തീരുമാനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുസ്്‌ലിംകളെ അരികുവല്‍കരിക്കാനായി കഴിഞ്ഞവര്‍ഷം ഇതേ കാലത്ത് മോദി സര്‍ക്കാര്‍ ചുട്ടെടുത്ത ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രക്ഷോഭമാണ് രാജ്യമാകെ ഉയര്‍ന്നത്. കോവിഡ് കാരണം തല്‍കാലത്തേക്ക് അത് മാറ്റിവെക്കുകയായിരുന്നു. തൊഴില്‍ നിയമങ്ങള്‍ കാരണം തൊഴിലാളികളും വര്‍ഷങ്ങളായി പ്രക്ഷോഭത്തിലാണ്. രണ്ടു വര്‍ഷത്തെ ഏറ്റവും വലിയ ഇന്ധന വിലക്കയറ്റമാണിപ്പോഴുണ്ടായിരിക്കുന്നത്. ഇതൊക്കെകൊണ്ട് 130 കോടിവരുന്ന സാധാരണക്കാരും ന്യൂനപക്ഷങ്ങളും കര്‍ഷകരും തൊഴിലാളികളും ഒറ്റക്കെട്ടായി രാഷ്ട്രരക്ഷക്കായി പോരാട്ടത്തിനിറങ്ങേണ്ട അവസരമാണിപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. ജനപ്രതിനിധിസഭകളും കോടതികളും കയ്യൊഴിയുമ്പോള്‍ പൗരന്മാര്‍ക്ക് ആശ്രയം ഗാന്ധിജി കാണിച്ചുതന്ന സമാധാനപരമായ നിയമലംഘനസമരങ്ങള്‍ തന്നെയാണ്. ‘ഡല്‍ഹിചലോ’ അതിനുള്ള അവസരമാകട്ടെ.