ആന്ധ്രാപ്രദേശില്‍ പുനര്‍ജന്‍മം നടക്കുമെന്ന് വിശ്വസിച്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ അമ്മ പദ്മജ വീണ്ടും വിചിത്ര വാദങ്ങള്‍ നിരത്തുന്നു. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധ നടത്താന്‍ നോക്കിയപ്പോള്‍ അതു വേണ്ടെന്നാണ് പദ്മജ പറഞ്ഞത്. കൊറോണ തന്നില്‍ നിന്നാണ് ലോകത്തിലെത്തിയതെന്നും ചൈനയില്‍ നിന്നല്ലെന്നുമാണ് പദ്മജ പറയുന്നത്. താന്‍ ശിവരൂപം പൂണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പദ്മജയുടെ വാദങ്ങള്‍.

‘ ഞാനാണ് ശിവന്‍. കൊറോണ വൈറസ് എന്റെ ദേഹത്തു നിന്നും വന്നതാണ്., ചൈനയില്‍ നിന്നല്ല. മാര്‍ച്ചില്‍ കൊറോണ വൈറസ് ഇല്ലാതാവുമെന്ന് ഞാന്‍ പറയുന്നു. വാക്‌സിന്റെ ആവശ്യമില്ല,’ പദ്മജ പറഞ്ഞു.

ഇടയ്ക്ക് പദ്മജയുടെ ഭര്‍ത്താവ് സംസാരത്തില്‍ ഇടപെടാന്‍ നോക്കിയപ്പോള്‍ ഇപ്പോള്‍ നിങ്ങളെന്റെ ഭര്‍ത്താവല്ല. ഞാന്‍ ശിവനാണ് എന്നാണ് പദ്മജ പറഞ്ഞത്. പദ്മജയുടെ ഭര്‍ത്താവിന്റെ മനോനില ഇപ്പോള്‍ ഭാഗികമായി നോര്‍മലായി വരുന്നുണ്ട്. എന്നാല്‍ പദ്മജ ഇപ്പോഴും ഇത്തരം വിചിത്രവാദങ്ങള്‍ നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സ്‌കൂള്‍ പ്രിന്‍സിപ്പലായ അമ്മ സ്വന്തം പെണ്‍ മക്കളായ അലേക്യ (27), സായ് ദിവ്യ (22) എന്നിവരെ പൂജ മുറിയില്‍ വെച്ച് ഡംബെല്‍ ഉപയോഗിച്ച് കൊലപ്പെടുത്തി ബലിയര്‍പ്പിച്ചത്.

അടുത്ത സൂര്യോദയത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സത്‌യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.