തിരുവനന്തപുരം: അമ്പൂരി കൊലപാതക കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി അഖില്‍, രണ്ടാം പ്രതി രാഹുല്‍, മൂന്നാം പ്രതി ആദര്‍ശ് എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നു പ്രതികളെയും ഒരുമിച്ചാണ് പൂവാര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പിക്കും. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ്, തട്ടാംമുക്കിലെ വീട്, കാര്‍ ഉപേക്ഷിച്ച തൃപ്പരപ്പ് എന്നിവിടങ്ങളിലെത്തിച്ച് കൊലപാതക രീതിയുള്‍പ്പെടെ വിശദമായി ചോദിച്ചു മനസിലാക്കും. ഇന്ന് കസ്റ്റഡിയില്‍ ലഭിക്കുകയാണെങ്കില്‍ മൂന്നു പ്രതികളെയും കനത്ത പൊലീസ് സുരക്ഷയില്‍ നാളെ തെളിവെടുപ്പിനായി വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.