ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബ്രിട്ടനിലും പ്രതിഷേധം ശക്തമാവുന്നു. പുതിയ പ്രസിഡന്റായ ശേഷം ബ്രിട്ടന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന ട്രംപിനെതിരെയാണ് ബ്രിട്ടീഷ് ജനങ്ങള്‍ രംഗത്തെത്തിയത്. ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തെ എതിര്‍ത്ത് ഒപ്പുശേഖരണത്തില്‍ പങ്കാളികളായവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. സന്ദര്‍ശനത്തിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടപടിയെടുക്കാനാണ് ഒപ്പുശേഖരണം. പ്രത്യേക വിഷയത്തില്‍ പതിനായിരത്തിലേറെ ഒപ്പുശേഖരണം നടന്നാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ചക്കുവെക്കുമെന്നാണ് നിയമം.pettn

ബ്രിട്ടീഷ് പ്രധാനമന്ത്രി തരേസ മെയ് ആണ് അടുത്തിടെ നടന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. എന്നാല്‍, വിദേശ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും മറ്റുമായി ട്രംപ് നടത്തിയ വിവാദ നീക്കങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്.

പ്രതിഷേധത്തിന്റെ ഭാഗമായി നടക്കുന്ന ഒപ്പു ശേഖരണത്തില്‍ ട്രംപിനെ ബ്രിട്ടണിലേയ്ക്ക് ക്ഷണിക്കരുതെന്നും ട്രംപിന്റെ സന്ദര്‍ശനം രാജ്യത്ത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതിഷേധക്കാര്‍ പരാതിയായി പറയുന്നു. ഒപ്പുശേഖരണം നിശ്ചിത എണ്ണത്തിലും അധികമായ നിലയില്‍ വിഷയം സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഗൗരവമായ ചര്‍ച്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.