മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ ജീവിതം ചലച്ചിത്രമാവുന്നു. സഞ്ജയ് ബാരുവിന്റെ ‘അവിചാരിത പ്രധാനമന്ത്രി’ (The Accidental Prime Minister’ എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങ് ആയി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അനുപം ഖേര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ബൊഹ്‌റ ബ്രദേഴ്‌സിന്റെ നിര്‍മാണത്തില്‍ വിജയ് രത്‌നാകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2004 മുതല്‍ 2008 വരെ പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന സഞ്ജയ് ബാരു വിവാദമായ നിരവധി വെളിപ്പെടുത്തലുകള്‍ പുസ്തകത്തിലൂടെ നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ചുമതല പൂര്‍ണമായി ഡോ. സിങിനല്ലെന്നും കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധിയായിരുന്നു യഥാര്‍ത്ഥത്തില്‍ അധികാരം കൈയാളിയിരുന്നത് എന്നും പുസ്തകത്തില്‍ പറയുന്നു. ഡോ. സിങും പ്രധാനമന്ത്രിയുടെ ഓഫീസും പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി പ്രതികരിച്ചിരുന്നില്ല.

ബി.ജെ.പി സഹയാത്രികനായ അനുപം ഖേര്‍, കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ജീവചിത്രത്തില്‍ അഭിനയിക്കുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.