കുഞ്ഞുമായി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ അമ്മ കുഞ്ഞിന്റെ മൃതദേഹവുമായി ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന കരളലിയിപ്പിക്കുന്ന കാഴ്ച്ച. എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് അംഗീകരിക്കാന്‍ തയ്യാറാവാതെ അവര്‍ കുഞ്ഞിനേയും കൊണ്ട് ആസ്പത്രിയിലേക്ക് പോവുകയായിരുന്നു.

ഇന്നലെയാണ് സംഭവം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. യുവതിയുടെ കയ്യിലുണ്ടായിരുന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കി. എന്നാല്‍ ആസ്പത്രിയിലെത്തിച്ച കുഞ്ഞ് മരണത്തിന് കീഴടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും അംഗീകരിക്കാന്‍ യുവതി തയ്യാറാവുന്നില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ഡോക്ടറെ കാണിക്കാന്‍ യുവതി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്നു.

തുഗ്ലക്കാബാദിലേക്ക് പോവുകയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവറുള്‍പ്പെടെയുള്ളവരാണ് ക്രൂരമായി പീഢിപ്പിച്ചത്. പിന്നീട് പുലര്‍ച്ചെ രണ്ടിന് യുവതിയെ നടുറോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെ നിന്നും രണ്ട് കിലോമീറ്ററുകള്‍ക്കപ്പുറത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആസ്പത്രിയിലെത്തിച്ച യുവതി ശാരീരിക പരിശോധനകള്‍ തടസ്സപ്പെടുത്തി കുഞ്ഞിനെ മാത്രം കയ്യിലെടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.