ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രിയങ്ക, ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ നിറയുന്ന ബലാത്സംഗ കേസുകള്‍ സംസ്ഥാനത്തെ നടുക്കുന്നതായി പ്രിയങ്ക കുറ്റപ്പെടുത്തി. ഇതിന് ഉത്തരവാദി മുഖ്യമന്ത്രി യോദി ആദിത്യനാഥ് സര്‍ക്കാറാണെന്നും പ്രിയങ്ക തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു ്‌കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

ഹാത്രാസില്‍ മരിച്ച ദലിത് പെണ്‍കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരിച്ചു. രണ്ടാഴ്ചയോളമായി അവള്‍ വിവിധ ആശുപത്രികളിലായി ജീവിതത്തോടും മരണത്തോടും മല്ലിടുകയായിരുന്നു. ഹാത്രാസ്, ഷാജഹാന്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും പുറത്തുവന്ന ബലാത്സംഗ സംഭവങ്ങള്‍ സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്, പ്രിയങ്ക ട്വീറ്റ് ചെയ്തു

യോഗി ആദ്യതനാഥ് സര്‍ക്കാരിന്റെ ഭരണം സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പാടെ തകര്‍ത്തു. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഒരു തലത്തിലുള്ള വിലയും സര്‍ക്കാര്‍ നല്‍കുന്നില്ല. കുറ്റവാളികളെ തുറന്നിട്ട നിലയും കുറ്റകൃത്യങ്ങള്‍ വ്യാപകമാവുന്ന സ്ഥിതിയുമാണ്. പെണ്‍കുട്ടികളുടെ കൊലയാളികള്‍ക്കെതിരെ കടുത്ത ശിക്ഷ വരണം. യുപിയിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് മുഖ്യമന്ത്രി യോദി ആദിത്യനാഥ് ഉത്തരവാദിയാണെന്നും, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഈ മാസം 14ന് ആണ് ഹത്‌റാസിസെ പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിരയാക്കിയത്. കൂട്ടബലാല്‍സംഗത്തിന് പിന്നാലെ ഡല്‍ഹി ഐംസില്‍ ചികിത്സയിലായിരിക്കെ മരിച്ച യുപി സ്വദേശിയായ 19 കാരി നിര്‍ഭയ പെണ്‍കുട്ടി നേരിട്ടതുപോലെ അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് റിപ്പോര്‍ട്ട്. കന്നുകാലികള്‍ക്ക് പുല്ലുവെട്ടാന്‍ പോയ 19 കാരിയായ ദലിത് പെണ്‍കുട്ടിയെ പിന്‍തുടര്‍ന്നെത്തിയ നാലുപേര്‍ ചേര്‍ന്നാണ് അതിക്രൂരമായി പീഡിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ അമ്മക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാന്‍പോയ പോയ പെണ്‍കുട്ടിയെ നാലംഗ സംഘം അക്രമിച്ചാണ് കീഴ്‌പ്പെടുത്തിയത്. ഈ മാസം 14നാണ് കൂട്ടബലാല്‍സംഗം നടന്നത്. അമ്മയും സഹോദരിയും മൂത്ത ചേട്ടനുമൊപ്പമാണ് പെണ്‍കുട്ടി പോയിരുന്നത്. പുല്ലു കെട്ടുമായി ചേട്ടന്‍ മടങ്ങിയ തക്കത്തില്‍ പെണ്‍കുട്ടിയെ അക്രമികള്‍ പുറകില്‍ കൂടി എത്തി ദുപ്പട്ട കഴുത്തില്‍ ചുറ്റി ചോള പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. നാലു പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുക്കുകയും ചെയ്തു. ദുപ്പട്ട മുറുകിയ പെണ്‍കുട്ടിയുടെ സ്പൈനല്‍കോഡിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ കൈകാലുകള്‍ തളരുകയും ചെയ്തു.

അലിഗഡിലെ ജെ എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായതോടെ ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

നേരത്തെ പിടിയിലായ അക്രമികള്‍ക്കെതിരെ ഇതോടെ കൊലപാതകത്തിന് കേസെടുത്തു. രാമു, സന്ദീപ്, ഇയാളുടെ അമ്മാവന്‍ രവി, സുഹൃത്ത് ലവ് കുഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. കേസില്‍ പൊലീസ് ഇടപെടാന്‍ വൈകിയെന്ന് കുടുംബം ആരോപിച്ചിരുന്നു. അതേസമയം, അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തതായും യുപി പൊലീസ് ട്വീറ്റ് ചെയ്തു