kerala

കുഞ്ഞിനെ വേര്‍പെടുത്തിയ സംഭവം; അനുപമ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരത്തിന്

By web desk 1

October 22, 2021

പേരൂര്‍ക്കടയില്‍ കുഞ്ഞിനെ വേര്‍പെടുത്തിയ സംഭവത്തില്‍ അമ്മ അനുപമ നിരാഹാര സമരത്തിന്. സെക്രട്ടേറിയറ്റിന് മുമ്പില്‍ നാളെ മുതല്‍ സമരം ചെയ്യും. കുഞ്ഞിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരമെന്ന് അനുപമ അറിയിച്ചു.

അതേസമയം കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും കൃത്രിമം വരുത്തിയതായി കണ്ടെത്തി. ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പിതാവിന്റെ പേരും, മാതാപിതാക്കളുടെ മേല്‍വിലാസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ സമയത്ത് നല്‍കിയ വിവരമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസര്‍ട്ടിഫക്കറ്റ് തയ്യാറാക്കിയത്. കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു നല്‍കിയിരിക്കുന്നത് ജയകുമാര്‍ എന്ന പേരാണ്. അനുപമയുടെയും അജിത്തിന്റെയും സ്ഥിരമായ മേല്‍വിലാസം പേരൂര്‍ക്കട ആയിരുന്നിട്ടും മറ്റൊരു മേല്‍വിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അമ്മയില്‍ നിന്നു കുഞ്ഞിനെ വേര്‍പ്പെടുത്താന്‍ ആസൂത്രിതമായി ഇടപെട്ടു എന്നത് തെളിയിക്കുന്നതാണ് രേഖകള്‍.