കൊച്ചി: കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായാണ് വിവരം. പ്രധാന പ്രതി പള്‍സര്‍ സുനിയെ അറിയാമെന്ന് പറഞ്ഞ അപ്പുണ്ണി സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ താനാണ് ഫോണ്‍ എടുത്തതെന്ന് മൊഴി നല്‍കി. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് സുനിയോട് സംസാരിച്ചത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. ജയിലില്‍ നിന്ന് സുനി അയച്ച കത്തിന്റെ കാര്യവും തനിക്ക് അറിയാമായിരുന്നു. എന്നാല്‍ സുനിയെ അറിയില്ലെന്ന മട്ടില്‍ സംസരിച്ചത് ദിലീപിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും അപ്പുണ്ണി പറഞ്ഞു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപും സുനിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.