ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാത ഇമെയില്‍ സന്ദേശം. സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ‘ഞങ്ങള്‍ നിങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോകും. അവളെ സംരക്ഷിക്കാന്‍ കഴിയുന്നതൊക്കെ നിങ്ങള്‍ ചെയ്‌തോളൂ’ എന്നായിരുന്നു സന്ദശം. മന്ത്രിയുടെ ഔദ്യോഗിക മെയിലിലാണ് സന്ദേശം അയച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇമെയില്‍ വന്നത്.

കേസില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി ഡല്‍ഹി പൊലീസ് കമീഷണര്‍ അമുല്യ പട്‌നായിക്കിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യത്തങ്ങള്‍ സൂചിപ്പിച്ചു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ സുരക്ഷക്കായി ഒരു പൊലീസുകാരനെ നിയോഗിച്ചിട്ടുണ്ട്. ഇമെയിലിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സൈബര്‍ സെല്ലിലെ പ്രത്യേക സംഘമാവും കേസ് അന്വേഷിക്കുക. ഇമെയിലിന്റെ ഐ.പി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

രണ്ട് മക്കളാണ് കേജ്‌രിവാളിനുള്ളത്. ഹര്‍ഷിതയും സഹോദരന്‍ പുല്‍കിതും. 2014ല്‍ ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ പാസായ ഹര്‍ഷിദ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.